കോൺഗ്രസുകാർ കാലുവാരിയില്ല; ചിങ്ങോലിയിൽ വീണ്ടും ഭരണം
text_fieldsഹരിപ്പാട്: അധികാര തർക്കത്തെ തുടർന്ന് കൈവിട്ടു പോയ ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസ് തിരിച്ചു പിടിച്ചു. ഭിന്നതകൾ അവസാനിപ്പിച്ച് കോൺഗ്രസുകാർ ഒറ്റക്കെട്ടായി നിന്നതോടെ പദ്മശ്രീ ശിവദാസൻ പ്രസിഡന്റായി. ജി. സജിനിയാണ് വൈസ് പ്രസിഡന്റ്. സി.പി.എമ്മിലെ അശ്വതി തുളസിയെയാണ് പദ്മശ്രീ പരാജയപ്പെടുത്തിയത്. പദ്മശ്രീക്ക് ഏഴും അശ്വതി തുളസിക്ക് ആറും വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ജി. സജിനി സി.പി.ഐയിലെ എ. അൻസിയക്കെതിരെയാണ് വിജയം നേടിയത്. ആറിനെതിരെ ഏഴു വോട്ടുകൾ നേടിയാണ് സജിനിയും വിജയിച്ചത്. കാർത്തികപ്പളളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടനായിരുന്നു വരണാധികാരി. കഴിഞ്ഞമാസം 24നാണ് പ്രസിഡന്റായിരുന്ന അശ്വതി തുളസിയെയും വൈസ് പ്രസിഡന്റ് എ. അൻസിയയെയും കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.
2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 13ൽ ഏഴു വാർഡിൽ കോൺഗ്രസാണ് വിജയിച്ചത്. മൂന്ന് സി.പി.എം, രണ്ടു സി.പി.ഐ, ഒരു ഇടതു സ്വതന്ത്രയുമാണ് എൽ.ഡി.എഫിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ രണ്ടു വർഷം ജി. സജിനിയും തുടർന്നുളള മൂന്നു വർഷം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പദ്മശ്രീ ശിവദാസനും പ്രസിഡന്റു സ്ഥാനം പങ്കുവെക്കാമെന്ന ധാരണയാണ് കോൺഗ്രസിലുണ്ടായിരുന്നത്. ഇതു പ്രകാരം 2022 ഡിസംബർ 31നകം ജി. സജിനി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. കൂടാതെ ആദ്യ മൂന്നു വർഷം എസ്. സുരേഷ് കുമാറും (ബിനു) അടുത്ത രണ്ടു വർഷം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്. അനീഷും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനുമുളള തീരുമാനവുമുണ്ടായിരുന്നു. എന്നാൽ, പ്രസിഡൻറ് സജിനി രാജിവെക്കാൻ തയാറാകുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. കോൺഗ്രസിന് തലവേദനയും നാണക്കേടും വരുത്തിവെച്ച പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പ്രതിപക്ഷത്തിന്റെ പിന്തുണയിൽ പാർട്ടി സ്ഥാനത്ത് നിന്ന് മാറ്റി.
2023 മാർച്ചിലാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ഇതോടെയാണ് ഇടതുമുന്നണിയജലേക്ക് ഭരണവും എത്തിയത്. ഒടുവിൽ കോൺഗ്രസ് ഭിന്നത പരിഹരിച്ച് അവിശ്വാസത്തിലൂടെ ഇടതു ഭരണസമിതിയെ പുറത്താക്കുകയായിരുന്നു.യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി. യു.ഡി.എഫ് ചിങ്ങോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് മാലയണിയിച്ച് നടത്തിയ ആഹ്ലാദ പ്രകടനത്തിന് മണ്ഡലം ജനറൽ കൺവീനർ എം.എ. കലാം, ചെയർമാൻ സത്താർ പുളിമൂട്ടിൽ, കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡൻറ് ഷംസുദ്ദീൻ കായിപ്പുറം. മുഞ്ഞിനാട്ട് രാമചന്ദ്രൻ. അഡ്വ. വി. ഷുക്കൂർ. പി.ജി.ശശിധരൻ,ശാന്തകുമാർ. സുധാകരൻ ചിങ്ങോലി, പത്മശ്രീ ശിവദാസൻ, ജി. സാജിനി. അനീഷ് ചേപ്പാട്, എം. എ. അജു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.