അയൽവാസിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്
text_fieldsഹരിപ്പാട്: അയൽവാസിയുടെയും ബന്ധുവിന്റെയും ആക്രമണത്തിൽ ഗൃഹനാഥനും ഭാര്യക്കും പരിക്ക്. ചെറുതന ആയാപറമ്പ് പുത്തൻപുരയിൽ മുഹമ്മദ്ഹുസൈൻ(51), ഭാര്യ നസിയത്ത്(42) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് നാലേകാലോടെയാണ് സംഭവം.
ഇരുവരും സ്കൂട്ടറിൽ പോകുമ്പോൾ റോഡിൽവെച്ച് അയൽവാസിയായ വിപിൻ ഭവനത്തിൽ വിപിൻ വാസുദേവൻ (42) ബന്ധു രവിയും ചേർന്ന് സൈക്കിൾവെച്ച് തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. രവി വർഗീയ ചുവയോടെ ആക്രോശിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിപിൻ, ഹുസൈനെ പിടിച്ചുനിർത്തി തലയിൽ കല്ലുകൊണ്ട് അടിക്കുകയുമായിരുന്നു. നസിയത്തിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് മർദിക്കുകയും നിലത്തിട്ട് ചവിട്ടിയെന്നും വീയപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവം അറിഞ്ഞ് ആളുകൾ എത്തിയപ്പോഴാണ് അക്രമികൾ പിന്തിരിഞ്ഞത്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഹുസൈന്റെ തലക്ക് ആറ് തുന്നലുണ്ട്. വർഷങ്ങളായി ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. അതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.