ദേവസ്വം ബോർഡ് കനിഞ്ഞു; ഹരിപ്പാട് ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ദുരിതാവസ്ഥക്ക് ഉടൻ പരിഹാരമാകും
text_fieldsഹരിപ്പാട്: ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിന് ഉടൻ ശാപമോക്ഷമാകുമെന്ന് പ്രതീക്ഷ. ദേശീയപാതയിൽനിന്ന് ആരംഭിച്ച് ക്ഷേത്രത്തിന്റെ തെക്കുവശത്തുകൂടി ഡാണാപ്പടിയിലേക്കും ക്ഷേത്രത്തിന്റെ മുന്നിലും എത്തുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കുഴികൾ ഇല്ലാത്ത സ്ഥലം റോഡിൽ ഇല്ലെന്നുതന്നെ പറയാം. മഴക്കാലമായാൽ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാകും.
കേരളത്തിലെതന്നെ അറിയപ്പെടുന്ന പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. നൂറുകണക്കിന് പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. കൂടാതെ സമീപത്തെ സ്കൂളുകളിലേക്ക് എത്താൻ നൂറുകണക്കിന് വിദ്യാർഥികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള റോഡ് ആയതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്കോ എം.എൽ.എക്കോ റോഡ് നിർമ്മാണം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആകട്ടെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
എം.എൽ.എ.യുടെ നിരന്തര ഇടപെടലിനെ തുടർന്ന് ഏപ്രിലിൽ 14,11000 രൂപ റീ ടാറിങ്ങിന് അനുവദിച്ചു. ഇത് പ്രതീക്ഷക്ക് വകനൽകിയെങ്കിലും തുക കുറവായതിനാൽ പണി ഏറ്റെടുക്കാൻ ആരും തയാറായില്ല.
പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ശനിയാഴ്ച എസ്റ്റിമേറ്റ് തുക പുതുക്കി റോഡ് നിർമാണത്തിനായി 19,80,000 രൂപ അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ഉത്തരവിറക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡ് നിർമാണം ഉടൻ ആരംഭിക്കും എന്നാണ് അധികാരികളുടെ ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.