നദികളുടെ ആഴംകൂട്ടൽ എങ്ങുമെത്തിയില്ല; ഭീതി ഒഴിയാതെ അപ്പർ കുട്ടനാട്
text_fieldsഹരിപ്പാട്: നദികളുടെ ആഴം കൂട്ടൽ ജോലികൾ ഒരു വർഷമായിട്ടും എങ്ങുമെത്താത്തതിനാൽ പ്രളയഭീതി വിട്ടൊഴിയാതെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലുള്ളവർ ഭീതിയിൽ. വെള്ളപ്പൊക്കം പ്രതിരോധിക്കുന്നതിനും കുട്ടനാടിെൻറ തെക്കൻ പ്രദേശങ്ങളെ വെള്ളക്കെടുതിയിൽനിന്ന് തടഞ്ഞ് ഭക്ഷ്യോൽപാദനത്തിന് ആക്കം കൂട്ടുന്നതിനുമായാണ് അച്ചൻകോവിൽ, പമ്പ നദികളിൽ അടിഞ്ഞു കിടക്കുന്ന മണലും ചളിയും എക്കലും നീക്കം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.
ഈ നദികളുടെ സംഗമ സ്ഥാനമായ വീയപുരം തുരുത്തേൽ കടവ് മുതൽ കരുവാറ്റ ലീഡിങ് ചാനൽ വഴി തോട്ടപ്പള്ളി സ്പിൽവേ പൊഴി വരെ 11 കിലോമീറ്ററിൽ ആഴം കൂട്ടുമെന്നായിരുന്നു പ്രഖ്യാപനം.ഇതിനായി കൊട്ടാരക്കര ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു.
കഴിഞ്ഞ കാലവർഷ സീസണോടനുബന്ധിച്ച് നദിയിലെ മണൽ ശേഖരമുള്ള പ്രദേശത്ത് ഡ്രഡ്ജർ ഉപയോഗിച്ച് ഖനനം നടത്തിയിരുന്നു. എന്നാൽ, എക്കലും ചളിയുമടിഞ്ഞ പ്രദേശങ്ങൾ ആഴം കൂട്ടാതെ കമ്പനി പിന്മാറി. കിഴക്കൻ വെള്ളത്തെയോ മഴവെള്ളത്തെയോ ഉൾക്കൊള്ളാൻ നദികൾക്ക് കഴിയാതായതാണ് കുട്ടനാടൻ മേഖലയിലെ ദുരിതത്തിന് കാരണം.
നദികൾക്ക് ആഴമില്ലാത്തതിനാൽ ചെറിയ മഴ പെയ്താൽ പോലും നെൽകൃഷിയും കരകൃഷിയും നശിക്കും. നദീതീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വീടുകൾ ബലക്ഷയം സംഭവിച്ച് തകർച്ചഭീഷണി നേരിടുകയാണ്. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും ക്യാമ്പുകളിലേക്ക് മാറേണ്ട സ്ഥിതിയിലാണ് ഇവിടുള്ളവർ. ആഴംകൂട്ടലിന് അടിയന്തര നടപടിവേണമെന്നാണ് ഇവിടത്തുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.