കരുവാറ്റയിൽ വൻ തീപിടുത്തം; അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തിച്ചാമ്പലായി
text_fieldsഹരിപ്പാട്: തീപിടുത്തത്തിൽ അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തിച്ചാമ്പലായി. ദേശീയപാതക്കരികിൽ കരുവാറ്റ ആശ്രമം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന കർഷകൻ്റെ കട എന്ന പേരുള്ള കാർഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വിൽപ്പന നടത്തുന്ന സ്ഥാപനമാണ് പൂർണമായും കത്തി നശിച്ചത്. കരുവാറ്റ ലൈലാ നിവാസിൽ സനൽ മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കട. വീടിനോട് ചേർന്നാണ് കട പ്രവർത്തിച്ച് വന്നത്. ബുധനാഴ്ച പുലർച്ച അഞ്ചുമണിയോടെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് സനൽ മുഹമ്മദിനെ വിവരമറിയിച്ചത്. അപ്പോഴേക്കും മേൽക്കൂരയിലേക്ക് തീ പടർന്ന് പിടിച്ച് ആളിപ്പടരുന്ന അവസ്ഥയിലെത്തി. അഗ്നി രക്ഷാ സേനയെ അറിയിച്ച ശേഷം സനൽ മുഹമ്മദും അയൽവാസികളും ചേർന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാൽ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാധനസാമഗ്രികളും പൂർണമായും കത്തിയമർന്നിരുന്നു.
കടക്കുള്ളിൽ തീ വ്യാപിച്ചതിന് ശേഷമാണ് മേൽക്കൂരയിലേക്ക് തീ പടർന്നത്. ഇതു മൂലമാണ് തീപിടുത്തം അറിയാതെ പോയത്. മൺചട്ടികൾ വരെ തീപ്പിടുത്തത്തിൽ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക യന്ത്രങ്ങളും കത്തിയമർന്നു. 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തിച്ചാമ്പലായതായി സനൽ മുഹമ്മദ് പറഞ്ഞു. ഇരുമ്പ് തൂണുകളിൽ ടിൻ ഷീറ്റും ഇടഷ്ടികയും ഉപയോഗിച്ചാണ് കട നിർമിച്ചിരുന്നത്. മേൽക്കൂര ഓടും ഷീറ്റുമായിരുന്നു. കടയടക്കം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പോലീസും കെ.എസ്.ഇ.ബി.അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. (ചിത്രം) ക്യാപ്ഷൻ: തീപിടുത്തത്തിൽ കത്തി നശിച്ച കട .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.