ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ചളിക്കുളമായി; യാത്രക്കാർ ദുരിതത്തിൽ
text_fieldsഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലേക്ക് കയറാനും ഇറങ്ങാനും ഏറെ പ്രയാസപ്പെടുകയാണ് യാത്രക്കാർ. ദേശീയപാത നിർമാണത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനാൽ ബസ്സ്റ്റാൻഡ് പരിസരത്ത് ചളിവെള്ളം നിറഞ്ഞതാണ് കാരണം. യാത്രക്കാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. വാഹനങ്ങൾ പോകുമ്പോൾ മലിനജലം ദേഹത്തേക്ക് തെറിക്കും. നിരവധി പേരാണ് ഇവിടെ കാൽവഴുതി വീണത്. വസ്ത്രങ്ങളിൽ അഴുക്കുപുരണ്ട് യാത്ര ചെയ്യാനാകാതെ പലരും മടങ്ങിയിട്ടുണ്ട്. ദേഹത്തും വസ്ത്രങ്ങളിലും ചളിപുരളാതെ സ്റ്റേഷനകത്തേക്ക് കടക്കുക പ്രയാസകരമാണ്.
മഴ പെയ്യുന്നതോടെ ചളിവെള്ളം പരന്നൊഴുകി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. വേണ്ടത്ര മുൻകരുതൽ എടുക്കാതെയാണ് കരാറുകാരൻ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുന്നിൽ പൈലിങ് ആരംഭിച്ചത്. മാസങ്ങളോളം യാത്രക്കാർ ഈ ദുരിതം പേറേണ്ടിവരും. പ്രശ്നം രൂക്ഷമായിട്ടും കെ.എസ്.ആർ.ടി.സി അധികൃതരും കണ്ടഭാവം നടിക്കുന്നില്ല. പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.