ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് വികസനമുണ്ട്; പരാധീനതകളും
text_fieldsഹരിപ്പാട്: നഗരത്തിെൻറ ഹൃദയഭാഗത്ത് ദേശീയപാതക്കരികിൽ തലയുയർത്തി നിൽക്കുന്ന താലൂക്ക് ആശുപത്രി മണ്ഡലത്തിലെ മത്സ്യ-കയർ-കർഷക തൊഴിലാളികൾ അടക്കമുള്ള ജനവിഭാഗങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമാണ്. ഒരുപതിറ്റാണ്ട് മുമ്പ് അത്യാസന്ന നിലയിലായിരുന്ന ഈ ആതുരാലയം ഏറക്കുറെ ആരോഗ്യം വീണ്ടെടുത്തു. ചില ആന്തരിക ദൗർബല്യങ്ങൾകൂടി പരിഹരിച്ചാൽ ജില്ലയിലെതന്നെ മികച്ച ആശുപത്രിയായി മാറുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന സൗകര്യങ്ങളിലും നടത്തിപ്പിലും ഏറെ പുരോഗതി കൈവരിച്ചെങ്കിലും അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്ക് പരിഹാരമാകാത്തതിനാൽ ആശുപത്രിയുടെ ഗുണഫലം വേണ്ടരീതിയിൽ ജനങ്ങൾക്ക് ലഭിക്കുന്നില്ല.
150 കിടക്കകളോടുകൂടിയതാണ് ആശുപത്രി. ഇതിൽ 37 െബഡുകൾ കോവിഡ് രോഗികൾക്കായി മാറ്റിയിട്ടുണ്ട്. എല്ലാ കിടക്കകളിലും ഓക്സിജൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജനറൽ മെഡിസിൻ, സർജറി, ശിശുരോഗം, ശ്വാസകോശം, ഇ.എൻ.ടി, അസ്ഥിരോഗം, ഡെൻറൽ, ഗൈനകോളജി, ശ്വാസകോശരോഗം, അനസ്തേഷ്യ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനമുണ്ട്. കൂടാതെ, മറ്റ് രോഗങ്ങൾക്കുള്ള ചികിത്സയും നിശ്ചിതസമയങ്ങളിൽ കിട്ടുന്നുണ്ട്. 22 ഡോക്ടർമാരും 39 നഴ്സുമാരും കൂടാതെ 70 ഇതര ജീവനക്കാരുമാണ് സേവനം അനുഷ്ഠിക്കുന്നത്. കൂടാതെ ട്രോമാ കെയർ യൂനിറ്റ്, പാലിയേറ്റിവ് കെയർ തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ സംവിധാനങ്ങളുമുണ്ട്. 2016ൽ കാലപ്പഴക്കം ചെന്ന പഴയകെട്ടിടം പൊളിച്ച് എൻ.ആർ.എച്ച്.എം പദ്ധതി പ്രകാരം നാലുകോടി രൂപ ചെലവഴിച്ച് മൂന്നുനില കെട്ടിടം നിർമിച്ചതോടെ ആശുപത്രിയുടെ മുഖച്ഛായ മാറി.
മൂന്നുനിലകൾകൂടി നിർമിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നതിന് ആർദ്രം പദ്ധതിയിൽ 1.25 കോടിയും അനുവദിച്ചിട്ടുണ്ട്. 2020ൽ 1.8 കോടി രൂപ ചെലവഴിച്ച് ഡയാലിസിസിനായി പുതിയ കെട്ടിടം നിർമിച്ചിരുന്നു. ഒരേസമയം ഏഴുപേർക്ക് ഡയാലിസിസ് ചെയ്യാൻ സൗകര്യമുണ്ട്.
രണ്ട് പോർട്ടബിൾ വെൻറിലേറ്റർ അടക്കം മൂന്ന് വെൻറിലേറ്ററും അനുവദിച്ചിട്ടുണ്ട്. നേത്ര ശസ്ത്രക്രിയക്കടക്കം സുസജ്ജമായ ഓപറേഷൻ തിയറ്ററുണ്ട്. നട്ടെല്ലിന് പ്രധാന ഓപറേഷൻ വിജയകരമായി നടത്തി ഈ ആശുപത്രി അടുത്തിടെ നേട്ടം കൈവരിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം 2020 സെപ്റ്റംബറിൽ ഡിജിറ്റൽ എക്സ്-റേ യൂനിറ്റ് സജ്ജമായത് രോഗികൾക്ക് ആശ്വാസമാണ്. ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കുന്നതിന് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയതും കൂടുതൽ കസേരകൾ സ്ഥാപിച്ചതും വൃദ്ധരും അവശരുമായവർക്ക് ഏറെ സഹായകരമാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രി സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിൽ കഴിഞ്ഞ കുറെവർഷങ്ങളായി പ്രവർത്തനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.
വികസനത്തിന് തടസ്സം സ്ഥലപരിമിതി
നേട്ടങ്ങൾ ഏറെ കൈവരിച്ചെങ്കിലും ഒട്ടേറെ പരാതികൾക്ക് നടുവിലാണ് ആതുരാലയം. സ്ഥലപരിമിതിയാണ് പ്രതിസന്ധി തീർക്കുന്ന പ്രധാനഘടകം. ഉള്ള സ്ഥലത്ത് എല്ലാം കെട്ടിടങ്ങൾ നിറഞ്ഞു. ഇതിനൊപ്പം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ മുൻവശത്തെ സ്ഥലം കുറേഭാഗം നഷ്ടമാകുമെന്ന ആശങ്കയുണ്ട്. നിരവധി കെട്ടിടങ്ങളുണ്ടെങ്കിലും ഇവ തമ്മിൽ ബന്ധിപ്പിച്ച് സഞ്ചാരമാർഗങ്ങൾ ഇല്ലാത്തത് ഡോക്ടർമാർക്കും ജീവനക്കാർക്കും രോഗികൾക്കും പ്രയാസം സൃഷ്ടിക്കുന്നു.
അശാസ്ത്രീയ കെട്ടിട നിർമാണമാണ് ഇതിനു കാരണം. ജീവനക്കാരുടെ എണ്ണത്തിൽ കാലാനുസൃത മാറ്റം ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. ഇതുമൂലം ജനങ്ങൾക്ക് വേണ്ടത്ര സേവനം ലഭിക്കുന്നില്ല. നൂറുകണക്കിന് ആളുകൾ ദിനംപ്രതി എത്തുന്ന ഇവിടെ സൗകര്യങ്ങളോട് കൂടിയ കാൻറീൻ ഇല്ലാത്തത് പോരായ്മയാണ്. സുശക്തമായ ചുറ്റുമതിൽ പൂർത്തീകരിച്ചിട്ടില്ല. മലിനജലം സംസ്കരിക്കുന്നതിന് സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് ഇല്ലാത്തത് വലിയ പ്രശ്നമാണ്. ഇതിനായി എൻ.ആർ.എച്ച്.എം ഫണ്ടിൽനിന്ന് 80 ലക്ഷം അനുവദിച്ചിട്ടുണ്ട്.
36 ലക്ഷം കൂടിയുണ്ടെങ്കിൽ മാത്രമേ പ്ലാൻറ് സ്ഥാപിക്കാൻ കഴിയൂ. ആശുപത്രി മുറ്റത്തേക്ക് കടന്നാൽ അവസ്ഥ ശോചനീയമാണ്. കുണ്ടും കുഴികളും നിറഞ്ഞുകിടക്കുന്ന മുറ്റം മഴക്കാലമായാൽ വെള്ളക്കെട്ടായി മാറും. അത്യാഹിതത്തിൽനിന്ന് രോഗികളെ വാർഡിലേക്ക് മാറ്റുന്ന വേളയിൽ കുണ്ടും കുഴിയും നിറഞ്ഞ സ്ഥലത്ത് കൂടിയാണ് ട്രോളി തള്ളിവരുന്നത്.
വർഷം ആറുകഴിഞ്ഞു; ശൗചാലയ നിർമാണത്തിന് അവസാനമില്ല
മൂന്നുമാസംകൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന ചെറിയൊരു ശൗചാലയത്തിെൻറ നിർമാണം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആറുവർഷമായി പുരോഗമിക്കുകയാണ്.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിെൻറ 2015-16 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 10 ലക്ഷം രൂപ ചെലവഴിച്ച് ശൗചാലയ ബ്ലോക്ക് നിർമിച്ചത്. നിർമാണം ഏറക്കുറെ പൂർത്തിയായെങ്കിലും ഇതുവരെ ജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടില്ല. നിർമാണത്തിലെ ക്രമക്കേടുകളാണ് അടഞ്ഞുകിടക്കാൻ കാരണം. ശൗചാലയത്തിെൻറ ഭിത്തിയിൽ ജോലി പുരോഗമിക്കുകയാണെന്ന ബോർഡ് സ്ഥാപിച്ചിട്ട് നാലു വർഷമായി. ഇത് എന്ന് തുറക്കുമെന്ന കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്തിനും ആശുപത്രി അധികൃതർക്കും ഒരു നിശ്ചയമില്ല.
ദേശീയപാത വികസനത്തിൽ വഴിമുട്ടി വികസനം
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ആശങ്കകൾ ആശുപത്രിയുടെ പല വികസനപ്രവർത്തനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്ഥലമെടുപ്പ് എവിടെ വരെയുണ്ടാകുമെന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് കാരണം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തൂണുകൾ സ്ഥാപിച്ചെങ്കിലും ഇതിൽ മാറ്റമുണ്ടാകുമെന്ന സൂചനയുണ്ട്. ആശുപത്രിക്കുവേണ്ടി കവാടം നിർമിക്കുന്നതിന് ഇത് തടസ്സമായി നിൽക്കുന്നു. നിലവിൽ കാൻറീൻ പ്രവർത്തിക്കുന്ന സ്ഥലത്താണ് പുതുതായി കാൻറീൻ നിർമിക്കാൻ ലക്ഷ്യമിടുന്നത്. അലൈൻമെൻറ് തീർച്ചപ്പെടുത്താത്തതിനാൽ ഇതിെൻറ നിർമാണവും പ്രതിസന്ധിയിലാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.