രാജപ്രൗഢി വീണ്ടെടുക്കാനൊരുങ്ങി ഹരിപ്പാട് ട്രഷറി
text_fieldsഹരിപ്പാട്: രാജഭരണ കാലത്തെ നിറപുത്തരി ആഘോഷങ്ങളടക്കം പാലിക്കപ്പെടുന്ന ഹരിപ്പാട് സബ്ട്രഷറിയിലെ പുരാതന ഭണ്ഡാരപ്പുര ഉൾക്കൊള്ളുന്ന കെട്ടിടം പുനർ നിർമിക്കുന്ന നടപടികൾ ആരംഭിച്ചു. പൗരാണികത തെല്ലും ചോരാതെ പഴയ പ്രൗഢി നിലനിർത്തിയാണ് പുനർനിർമാണം നടത്തുക.
രാജഭരണ കാലത്തെ തിരുശേഷിപ്പുകളിൽ ഒന്നാണ് ട്രഷറിയിലെ സ്ട്രോങ്ങ് മുറിയിൽ സ്ഥിതി ചെയ്യുന്ന ഭണ്ഡാരം. പ്രത്യേക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം സാധ്യമാക്കുന്നത്. കാർഷിക സമൃദ്ധി വിളിച്ചോതുന്ന നെൽക്കതിർ കൊണ്ടുള്ള നിറപുത്തരിയും ഭണ്ഡാരം നിറക്കൽ ചടങ്ങും ഇവിടെ എല്ലാ മലയാള വർഷാരംഭത്തിലും ആഘോഷപൂർവം നടത്തി വരുന്നു. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട സവിശേഷമായ ഇൗ ചടങ്ങ് പിന്നീട് ജനാധിപത്യക്രമം വന്നുവെങ്കിലും മുറതെറ്റാതെ ഹരിപ്പട് ട്രഷറിയിൽ കാലങ്ങളായി നടന്ന് വരുന്നുണ്ട്. കേരളത്തിൽ ഇത്തരമൊരു ചടങ്ങ് ഇവിടെ മാത്രമാണ് നടക്കുന്നത്.
ക്ഷേത്രത്തിൽനിന്നും ആനപ്പുറത്ത് നിറപുത്തരിക്കായി കൊണ്ടുവരുന്ന നെൽക്കതിർ കച്ചേരി ജങ്ഷനിലെ ട്രഷറിയുടെ സ്േട്രാങ്ങ് റൂമിലെത്തിക്കും. ശേഷം ക്ഷേത്രം ശാന്തിമാരുടെ നേതൃത്വത്തിലാണ് പ്രസിദ്ധമായ ഭണ്ഡാരം നിറക്കൽ നടക്കുക. മതസൗഹാർദത്തിെൻറ കൂടി ചടങ്ങായി മാറുന്ന ഈ പരിപാടിയിൽ ചരിത്ര സെമിനാറുകളടക്കം എല്ലാവർഷവും നടക്കുക പതിവാണ്. പൗരാണിക കെട്ടിടത്തിൽ ഭണ്ഡാരപ്പുര നിലനിൽക്കുന്ന ഭാഗം മാത്രമാണ് പൊളിച്ചു മാറ്റുന്നത്. ഭണ്ഡാരവും നിലവറയും പഴയപോലെ നിലനിർത്തും. 850 അടി ചുറ്റളവുള്ള കെട്ടിട്ടഭാഗം പുതുക്കുമ്പോൾ 860 ആകും. പൊതുമരാമത്ത് വകുപ്പിലെ ആർക്കിടെക്ച്ചർ വിഭാഗമാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. പുതുക്കി പണിയുമ്പോൾ പൗരാണികത പൂർണമായും നിലനിർത്തുമെന്ന് അധികൃതർ പറഞ്ഞു. പുതിയ കെട്ടിടത്തിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന നാല് തൂണിലുള്ള പൂമുഖം ഉണ്ടാകും. സന്ദർശകരെ ആകർഷിക്കാൻ ആർട്ട് ഗാലറിയും നിർമിക്കും. ഇവിടെയുണ്ടായിരുന്ന പൗരാണിക ത്രാസുകൾ മറ്റ് ഉരുപ്പടികൾ എന്നിവ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. പണി പൂർത്തീകരിച്ചാൽ കെട്ടിടം പുരാവസ്തു വിഭാഗത്തിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.