കൗതുകമുണർത്തി പല്ലനഗ്രാമത്തിലെ കൂറ്റൻ തൂക്കുപാലം
text_fieldsതൃക്കുന്നപ്പുഴ: പല്ലനയാറ്റിൽ കെ.വി. ജെട്ടി കടവിന് കുറുകെ കാൽനടക്കായി നിർമിച്ച കൂറ്റൻ തൂക്കുപാലം പല്ലനഗ്രാമത്തിന്‍റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. ഇരുകരയിൽ സ്ഥാപിച്ച കൂറ്റൻ തൂണുകളെ ബന്ധിപ്പിച്ച് കെട്ടിയിട്ടുള്ള ഉരുക്കുവടത്തിലാണ് ഇരുമ്പുകൊണ്ട് നിർമിച്ച കൂറ്റൻ പാലം തൂങ്ങിക്കിടക്കുന്നത്.
ദൂരെ സ്ഥലങ്ങളിൽനിന്നുവരെ നിരവധി പേരാണ് പാലം കാണാൻ എത്തുന്നത്. 2014 ജൂണിലാണ് പാലം നിർമിച്ചത്. പാലത്തിന് 73 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുണ്ട്. ജലനിരപ്പിൽനിന്ന് ഏഴരമീറ്റർ ഉയർന്നാണ് പാലം നിൽക്കുന്നത്. പതിയാങ്കരയിലും സമാനമായ പാലമുണ്ട്.
പാലത്തിന്‍റെ മുകളിൽനിന്ന് ആറിന്‍റെ സൗന്ദര്യം ആസ്വദിക്കാനാകും. വിവാഹഫോട്ടോ ഷൂട്ടിന്‍റെ സ്ഥിരം ലൊക്കേഷനാണ് തൂക്കുപാലം. എന്നാൽ, പാലത്തെ സംരക്ഷിച്ച് നിലനിർത്തുന്നതിൽ ബന്ധപ്പെട്ട അധികാരികൾ അലംഭാവമാണ് കാട്ടുന്നത്. തീരദേശമായതിനാൽ പാലം തുരുമ്പെടുത്ത് നശിക്കുകയാണ്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയായിരുന്നു പാലത്തിന്റെ നിർമാണം നടത്തിയത്. പാലത്തിൽ കയറാനുള്ള പേടിമൂലം ധാരാളം പേർ കടത്തുവള്ളത്തിലാണ് മറുകര കടക്കുന്നത്. കാലാകാലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജീർണാവസ്ഥയിലാണ് തൂക്കുപാലം. പാലത്തിന്റെ ദുഃസ്ഥിതി തിരിച്ചറിഞ്ഞ് അധികൃതർ ശ്രദ്ധിക്കാറില്ല. എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ കാഴ്ചവസ്തുവായിപോലും നിലനിർത്താൻ കഴിയാതെവരും. തുറന്നുകൊടുത്തതിൽ പിന്നെ ഇതുവരെ അറ്റകുറ്റപ്പണിയും പെയിന്‍റിങ്ങും നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.