ഇനിയൊരുവികസനം താങ്ങാനാവാതെ കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോ
text_fieldsഹരിപ്പാട്: ഇങ്ങനെയൊരു വികസനം ഒരു ഡിപ്പോക്കും വരുത്തരുതേ എന്ന പ്രാർഥനയാണ് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്കും ഇവിടുത്തെ യാത്രക്കാർക്കും. അത്രയേറെ വികസനംകൊണ്ടുള്ള ദുരിതമനുഭവിച്ചുകഴിഞ്ഞു ഇവിടത്തുകാർ. ദേശീയപാതക്കരികിൽ പഴയ ഡിപ്പോയുടെ സ്ഥാനത്ത് പണിതീരാതെ വർഷങ്ങളായി തല ഉയർത്തിനിൽക്കുന്ന ആധുനിക മാതൃകയിലുള്ള ബഹുനിലക്കെട്ടിടം ജനങ്ങൾക്കും ജീവനക്കാർക്കും എന്ന് ഉപകാരപ്പെടുമെന്ന് ഇനിയും പറയാറായിട്ടില്ല. പ്രഖ്യാപനങ്ങൾ അടിക്കടി വരുന്നതല്ലാതെ ഒന്നും നടപ്പാകുന്നില്ല. കെട്ടിടം തുറക്കുമ്പോൾ ഡിപ്പോ ഇവിടെ ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. സാമാന്യം ലാഭകരമായി പ്രവർത്തിച്ചുവന്ന ഈ ഡിപ്പോയും പരിഷ്കാരങ്ങളുടെ മറവിൽ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
ആധുനിക ഡിപ്പോ അഥവാ അശാസ്ത്രീയ സമുച്ചയം
മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ആധുനീകരണ പദ്ധതി ആവിഷ്കരിച്ചത്. ഡിപ്പോയും വാണിജ്യസമുച്ചയവും ഉൾക്കൊള്ളുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമാണ് വിഭാവനം ചെയ്തത്. ഏഴുവർഷം മുമ്പ് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ആദ്യഘട്ടത്തിൽ ജോലികൾ വേഗം നടന്നെങ്കിലും അഞ്ചുവർഷമായി നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതീകരണം, അഗ്നിരക്ഷാക്രമീകരണം, മാലിന്യസംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട ജോലിയാണ് ബാക്കിയുള്ളത്. നിർമാണക്കരാറുകാർക്ക് നൽകാനുള്ളതടക്കം ഏഴരക്കോടിയുണ്ടെങ്കിലേ പണി പൂർത്തിയാക്കാനാകൂ. ഈ തുക ഇനിയും കണ്ടെത്താനായിട്ടില്ല.
നിർമിച്ച കെട്ടിടത്തിൽ അശാസ്ത്രീയത ഏറെയാണ്. ഡിപ്പോക്ക് അനുയോജ്യമായ തരത്തിലല്ല കെട്ടിടം നിർമിച്ചിട്ടുള്ളത്. ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കൽ നടന്നുകഴിഞ്ഞാൽ ഒരു ബസ് പോലും നിർത്തിയിടാനുള്ള സൗകര്യം ഡിപ്പോയുടെ മുന്നിലോ വശങ്ങളിലോ ഉണ്ടാകില്ല. ബസുകൾ വന്നുപോകുന്നത് നിരീക്ഷിക്കേണ്ട സ്ഥാനത്താണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് സ്ഥാപിക്കേണ്ടതെന്നിരിക്കെ അതിന് സൗകര്യമില്ല. യാത്രക്കാർക്ക് ബസുകൾ വന്നുപോകുന്നത് കാണാൻ പാകത്തിൽ വിശ്രമിക്കാൻ പറ്റിയ ഇടം ഉണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ട് കെട്ടിടം നിർമിക്കുമ്പോൾ ഭിത്തി കെട്ടിത്തിരിക്കാതെ വിശാലമായി ഇടുകയാണ് പതിവ്. ഏറ്റെടുക്കുന്നവർക്ക് അവരുടെ സ്ഥാപനങ്ങളുടെ രീതിക്കനുസരിച്ച് അകം ക്രമീകരിക്കുന്നതിനാണിത്. ഇവിടെ നെടുെകയും കുറുെകയും ഭിത്തി നിർമിച്ചത് വിനയായിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്സിലെ മുറികള് നിരവധി തവണ ലേലം ചെയ്തെങ്കിലും ഏറ്റെടുക്കാന് ആരും മുന്നോട്ടുവരാത്ത സാഹചര്യത്തില് ചെറിയ മുറികള് മാറ്റി വലിയ വിസ്തീര്ണത്തോടെ മുറി ക്രമീകരിക്കാനാണ് പുതിയ തീരുമാനം. പാർക്കിങ് ഏരിയയുടെ കാര്യവും ബഹുരസമാണ്. ഇവിടെ കഴുത്തറ്റം പൊക്കത്തിൽ വെള്ളം കെട്ടിക്കിടക്കും. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്താൻ വിട്ടുപോയതാണ് കാരണം.
വാടകയും ഡെപ്പോസിറ്റും കേട്ട് അമ്പരന്ന്...
കെട്ടിടം വാടകക്ക് എടുക്കാൻ ബാങ്കുകൾ അടക്കം നിരവധി സ്ഥാപനങ്ങൾ എത്തിയെങ്കിലും പിൻവാങ്ങി. താങ്ങാനാകാത്ത ഡെപ്പോസിറ്റും വാടകയും ചോദിച്ചതാണ് കാരണം. ഇതുമൂലം മൂന്നുതവണ ടെൻഡർ ചെയ്തെങ്കിലും ആരും എടുക്കാൻ തയാറായില്ല. ഹരിപ്പാട്ടെ മറ്റ് കടകളുടെ െഡപ്പോസിറ്റ് തുകെയക്കാൾ വളരെ കൂടുതലാണെന്നാണ് വ്യാപാരികളുടെ പരാതി. ഇതേതുടർന്ന് വാണിജ്യ സമുച്ചയം ഒറ്റ യൂനിറ്റായി വാടകക്ക് നൽകുന്നതിന് തീരുമാനമെടുത്തിരിക്കുകയാണ്. ദീർഘകാല ലീസ് അനുവദിക്കുന്നതും ആലോചിക്കുന്നു. രണ്ട് നിലയിലായി 46 കടമുറിയാണ് വാണിജ്യ സമുച്ചയത്തിലുള്ളത്. മൂന്നാമത്തെ നില കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിശ്രമിക്കാനും ഓഫിസുകൾക്കുമുള്ളതാണ്.
ഗാരേജ് നിർത്താൻ നീക്കം
ഡിപ്പോയിലെ ഗാരേജ് പരിഷ്കാരങ്ങളുടെ മറവിൽ നിർത്തൽ ചെയ്യാൻ നീക്കം. അസി. ഡിപ്പോ എൻജിനീയറെ അടുത്തിടെ മാവേലിക്കര റീജനൽ വർക്ഷോപ്പിലേക്ക് മാറ്റി. 28 പേരുണ്ടായിരുന്നു മെക്കാനിക്കൽ സ്റ്റാഫിനെ പകുതിയാക്കി. പടിപടിയായി വർക്ഷോപ് പൂട്ടാനാണ് നീക്കമെന്ന് തൊഴിലാളികൾ സംശയിക്കുന്നു. ഗാരേജിെൻറ ഗ്രൗണ്ട് ശോച്യാവസ്ഥയിലാണ്. എ.എം. ആരിഫ് എം.പിയുടെ ഫണ്ടുപയോഗിച്ച് ഗ്രൗണ്ടിെൻറ ശോച്യാവസ്ഥ നീക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും യാഥാർഥ്യമായില്ല.
സ്റ്റേഷൻ മാസ്റ്റർ ഓഫിസ്
ദയനീയമാണ് ഡിപ്പോയിലെ ജീവനക്കാരുടെ അവസ്ഥ. വികസനത്തിന് പേരിൽ അവർ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാലിത്തൊഴുത്തിനെക്കാൾ പരിതാപകരമായ ഷെഡിലാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ്. മഴക്കാലമായാൽ സമീപത്തുകൂടി കടന്നുപോകുന്ന ഓടയിലെ വെള്ളം ഈ ഷെഡിൽ എത്തും. നാലുപേർക്ക് ഇരിക്കാനുള്ള ഇടം പോലും ഇല്ല. മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ ഇരട്ടിയോളം ജീവനക്കാരാണ് ഇതിനുള്ളിൽ തിങ്ങിക്കൂടി ഇരിക്കുന്നത്.
ഇഴജന്തുക്കളുടെ ശല്യം വേറെ. ജീർണാവസ്ഥയിലുള്ള ബസിെൻറ സീറ്റാണ് ഇവർ ഇരിപ്പിടമായി ഉപയോഗിക്കുന്നത്. കാൻറീൻ വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. വാടക കൂട്ടിയതാണ് എടുക്കാൻ ആളില്ലാത്ത അവസ്ഥയിലെത്തിച്ചത്.
ഉണ്ടായിരുന്ന ബസുകൾ കൊണ്ടുപോയി; റൂട്ടിലോടാൻ ഇല്ല
ദിനംപ്രതി 42 ഷെഡ്യൂളുകൾ വിജയകരമായി നടത്തിക്കൊണ്ടിരുന്ന ഡിപ്പോയിൽ നാൾക്കുനാൾ എണ്ണം കുറയുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ 36 ഷെഡ്യൂൾ ആയി കുറച്ചു. പരിഷ്കാരങ്ങളുടെ മറവിൽ വീണ്ടും ഏഴെണ്ണംകൂടി കുറച്ചതോടെ 29 ഷെഡ്യൂളുകളിൽ എത്തിനിൽക്കുകയാണ്. ഇവിടുത്തെ 29 ഓർഡിനറി ബസുകളിൽ 14 എണ്ണം പാർക്ക് പട്ടികയിൽപ്പെടുത്തി കായംകുളം ചാത്തന്നൂർ ഡിപ്പോയിലേക്ക് മാറ്റിയിരുന്നു. ഇവിടെയുണ്ടായിരുന്ന അഞ്ച് ജനുറം ബസുകളും കൊണ്ടുപോയി.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബസുകൾ ഓടാത്ത സാഹചര്യത്തിലായിരുന്നു ഈ നടപടി. ദീർഘകാലം നിർത്തിയിട്ട ബസുകൾ ഒന്നിച്ച് ഒരിടത്ത് സൂക്ഷിക്കുന്നതിനാണ് പാർക്ക് പദ്ധതി നടപ്പാക്കി സൗകര്യമുള്ള ഡിപ്പോകളിലേക്ക് മാറ്റിയത്. എന്നാൽ, ലോക്ഡൗൺ പിൻവലിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ബസുകൾ ഒന്നും തിരിച്ചെത്തിയില്ല. ആയാപറമ്പ് , പള്ളിപ്പാട്, വഴുതാനം, കുമാരകോടി, ആറാട്ടുപുഴ, പത്തനംതിട്ട, മലയാലപ്പുഴ, ഏവൂർ - മുട്ടം - കായംകുളം, വലിയഴീക്കൽ - ആലപ്പുഴ എന്നീ ലാഭകരമായ സർവിസുകൾ ബസില്ലാത്തതിനാൽ നിലച്ചിരിക്കുകയാണ്.
ഇതുമൂലം കടുത്ത യാത്രാദുരിതമാണ് ഗ്രാമവാസികൾ അനുഭവിക്കുന്നത്. പന്തളം വഴി പത്തനംതിട്ട ചെയിൻ സർവിസിൽ മൂന്ന് വണ്ടികൾ ഉണ്ടായിരുന്നത് ഒന്നായി ചുരുക്കി. എടത്വ, തിരുവല്ല ,മാവേലിക്കര റൂട്ടിൽ രാത്രി ഏഴുമണിക്ക് ശേഷം ബസില്ല. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന കെ.എസ്.ആർ.ടി.സിയുടെ മധ്യമേഖലയിൽ ഏറ്റവും ഉയർന്ന കലക്ഷൻ ഹരിപ്പാട് ഡിപ്പോയിലായിരുന്നു. ബസുകൾ വിട്ടുകിട്ടാത്തതുമൂലം ലാഭത്തിലുള്ള സർവിസുകൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ.
മഴയും വെയിലുമേറ്റ് യാത്രക്കാർ
ജീവനക്കാരെപ്പോലെ ദുരിതാവസ്ഥയിലാണ് യാത്രക്കാരും. മഴയും വെയിലും ഏൽക്കാതെ ബസ് കാത്തിരിക്കാൻ നല്ലൊരു സംവിധാനം ഇവിടെയില്ല. നവീകരണം തുടങ്ങിയപ്പോൾ താൽക്കാലികമായി നിർമിച്ച വെയിറ്റിങ് ഷെഡിെൻറ മേൽക്കൂര തകർന്ന നിലയിലാണ്. കാലവർഷ സമയത്തെല്ലാം കടുത്ത ദുരിതമാണ് യാത്രക്കാർ അനുഭവിച്ചത്. മഴവന്നാൽ കയറിനിൽക്കാൻ മറ്റൊരിടവും ഇല്ല.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.