കായംകുളം ഹാർബറിൽ കാറ്റിലും തിരയിലും ഏഴ് വള്ളം തകർന്നു
text_fieldsഹരിപ്പാട്: കായംകുളം ഹാർബറിൽ നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലുംപെട്ട് തകർന്നു. ഹാർബറിന്റെ വടക്കേക്കരയിൽ വലിയഴിക്കൽ ഭാഗത്ത് നങ്കൂരമിട്ടിരുന്ന ഏഴ് ഫൈബർ നീട്ടുവള്ളങ്ങളാണ് കെട്ട് പൊട്ടി ഒഴുകിപ്പോയത്. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. കായലിൽനിന്ന് കടലിലേക്കുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും കടലിൽനിന്നുള്ള തിരയും ശക്തമായ കാറ്റുമാണ് വള്ളങ്ങൾ നങ്കൂരത്തിൽനിന്ന് ബന്ധം വേർപെടാൻ കാരണം. അഴീക്കൽ കരയിലേക്കാണ് വള്ളങ്ങൾ ഒഴുകിപ്പോയത്.
കടലിൽ ഒഴുകിനടന്ന വള്ളങ്ങൾ കൂട്ടിയിടിച്ചും പുലിമുട്ടിൽ ഇടിച്ചുകയറിയുമാണ് തകർന്നത്. പൂർണമായും പൊട്ടിക്കീറി വെള്ളത്തിൽ താഴ്ന്ന നിലയിലാണ് മൂന്ന് വള്ളം കണ്ടെത്തിയത്. ഏഴ് വള്ളം ഉപയോഗശൂന്യമായി. എൻജിനും വലയും നഷ്ടമായി. എക്കോ സൗണ്ടർ, വയർലെസ് സിസ്റ്റം, ജി.പി.എസ് സംവിധാനം എന്നിവക്കും കേടുപറ്റി. കള്ളിക്കാട് എ.കെ.ജി നഗർ സ്വദേശി ഉമേഷിന്റെ ജപമാല, ലാൽജിയുടെ എം.എം.വൈ.സി, തൃക്കുന്നപ്പുഴ സ്വദേശി വിനോദിന്റെ കൈലാസനാഥൻ, വിമലന്റെ പ്രസ്റ്റീജ്, പതിയാങ്കര സ്വദേശി പ്രദീപിന്റെ ദേവി, വലിയഴീക്കൽ സ്വദേശി സാനുവിന്റെ ദക്ഷനന്ദ, തൃക്കുന്നപ്പുഴ സ്വദേശി ബൈജുവിന്റെ കൈലാസനാഥൻ എന്നീ വള്ളങ്ങളാണ് അപകടത്തിൽപെട്ടത്.
ഓരോ വള്ളത്തിനും ആറു മുതൽ എട്ടുലക്ഷം വരെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് അധികാരികളും കോസ്റ്റൽ പൊലീസും സംഭവസ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.