ഹരിപ്പാട് ഡിപ്പോയില്‍നിന്ന് കൂടുതല്‍ സര്‍വിസ്
text_fieldsഹരിപ്പാട് : കെ.എസ്.ആര്‍.ടി.സി ഹരിപ്പാട് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ ബസ് സര്‍വിസുകള്‍ നടത്താന്‍ തീരുമാനമെടുത്തതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ഹരിപ്പാട് മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി വാണിജ്യസമുച്ചയത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹരിപ്പാട് മണ്ണാറശ്ശാലയില്‍നിന്ന് പളനിയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കും.
30ന് വൈകീട്ട് ആരംഭിക്കും. വാരാന്ത്യ സര്‍വിസായിട്ടാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ വലിയഴീക്കല്‍ - തോട്ടപ്പളളി വഴി എറണാകുളം അമൃതആശുപത്രിയിലേക്ക് പുതിയ സര്‍വിസും അനുവദിച്ചു.കരുവാറ്റ -കുമാരകോടി -തോട്ടപ്പള്ളി ട്രിപ്പും, ഹരിപ്പാട് - ആയാപറമ്പ് ട്രിപ്പും വൈകുന്നേരത്തെ സര്‍വിസ് കൂടി നടത്തും. ഹരിപ്പാട് -ഗവി റൂട്ടില്‍ ബജറ്റ് ടൂറിസം സര്‍വിസ് നടത്തും. ഹരിപ്പാട് ഡിപ്പോയിലേക്ക് 26 മുതല്‍ ഓര്‍ഡിനറി സര്‍വിസുകള്‍ പ്രവേശിച്ചുതുടങ്ങണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
വാണിജ്യസമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും കനറാബാങ്കിന്റേയും കെ.എസ്.എഫ്.ഇയുടെയും ഓഫിസിൽ ഇന്റീരിയല്‍വര്‍ക്കിന്റെ രൂപരേഖപ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചുവരികയാണെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാണിജ്യസമുച്ചയത്തിലെ ശേഷിക്കുന്ന കടമുറികളുടെ ലേലനടപടികള്‍ ഈ മാസം തന്നെ നടത്തും.
ഹരിപ്പാട് വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി ഓഫിസിന്റെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റുന്നതിനുള്ള അനുമതി നല്‍കണമെന്ന് ലീഗല്‍മെട്രോളജിവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. വാണിജ്യസമുച്ചയത്തില്‍ റെസ്റ്റാറന്റ് സജ്ജീകരിക്കണമെന്ന് കെ.ടി.ഡി.സി. ചെയര്‍മാനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരിപ്പാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ യാര്‍ഡും, റോഡും നിര്‍മിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരു കോടി അനുവദിച്ചിട്ടും തുടര്‍നടപടികള്‍ വൈകുന്ന വിഷയം രമേശ് ചെന്നിത്തല ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗതാഗത സെക്രട്ടറി ബിജുപ്രഭാകര്‍, കെ.എസ്.ആര്‍.ടി.സി ചീഫ് എൻജിനീയര്‍ എന്നിവര്‍ അടക്കം ഉദ്യോഗസ്ഥര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.