പൊട്ടിപ്പൊളിഞ്ഞു; നാരകത്തറ-അമ്പലാശ്ശേരി റോഡിൽ യാത്രക്കാർക്ക് ‘നരകയാതന’
text_fieldsഹരിപ്പാട്: നാരകത്തറ-അമ്പലാശ്ശേരി കടവ് റോഡിൽ യാത്രക്കാർക്ക് നരകയാതന. റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് നാളേറെയായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
കുമാരപുരം-തൃക്കുന്നപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.
ദേശീയപാതയിൽ നാരകത്തറ ജങ്ഷനിൽനിന്ന് ആരംഭിച്ച് നാല് കിലോമീറ്ററുള്ള ഭാഗം തകർന്ന് വെള്ളക്കെട്ടായി. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ഗതി.
നാരകത്തറ വഴി തൃക്കുന്നപ്പുഴയിലേക്ക് സ്വകാര്യ ബസുകൾ ഏറെയും സർവിസ് നടത്തുന്നതും ഈ റൂട്ടിലൂടെയാണ്. സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർഥികളും ഇരുചക്രവാഹന യാത്രക്കാരും റോഡിലെ കുഴിയിൽ വീണ് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. നാരകത്തറ മുതൽ മണികണ്ഠൻചിറ വരെ ജില്ല പഞ്ചായത്തിന്റെയും മണികണ്ഠൻചിറ മുതൽ അമ്പലാശ്ശേരി കടവ് വരെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും അധീനതയിലാണ് റോഡ്. ജില്ല പഞ്ചായത്തിന്റെ അനുമതിയോടെ 2018ൽ ഹാർബർ എൻജിനീയറിങ് വിഭാഗം ഒരു കോടി രൂപ മുടക്കി മണികണ്ഠൻചിറവരെ പുനർ നിർമിച്ചിരുന്നു. എന്നാൽ, പിന്നീട് ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.
രേഖകൾപ്രകാരം റോഡിന് എട്ടുമീറ്റർ വീതിയാണുള്ളത്. എന്നാൽ, മിക്ക ഭാഗങ്ങളിലും ഇരുവശവും സ്വകാര്യ വ്യക്തികളും മറ്റും കൈയേറി മതിലും വ്യാപാര സ്ഥാപനങ്ങളും നിർമിച്ചിരിക്കുകയാണ്.
ജനപ്രതിനിധികൾ ആരും റോഡ് പുനർനിർമാണത്തിന് വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.