ജീവന് വിലകൽപിക്കാതെ ദേശീയപാത നിർമാണം
text_fieldsഹരിപ്പാട്: മഴ കടുത്തതോടെ ദേശീയ പാതയിലൂടെയുള്ള യാത്ര ദുരിതപൂർണമായി. തകര്‍ന്ന റോഡില്‍ നിത്യേന അപകടങ്ങളുമുണ്ടാകുന്നു. നിര്മാണത്തിനുവേണ്ടി പഴയ റോഡ് പെളിച്ച് വഴി തിരിച്ചുവിടുന്ന സ്ഥലങ്ങളിലാണ് കൂടുതല്‍ ദുരിതം. ചെളികണക്കെയാണ് റോഡ് കിടക്കുന്നത്. ചെറുതും വലുതുമായ കുഴികളും കൂടിയാകുമ്പോൾ പ്രയാസം ഇരട്ടിക്കുന്നു. രോഗികളുമായി യാത്ര ചെയ്യുമ്പോൾ കടുത്ത പ്രയാസം സൃഷ്ടിക്കുന്നു. ഭാരം വഹിച്ച് വരുന്ന വാഹനങ്ങള്‍ കുഴികളില്‍ വീണ് തകരാറിലാകുന്നുമുണ്ട്. കുഴികൾ ഒഴിവാക്കിയാൽ തന്നെ വലിയ പ്രയാസം ഇല്ലാതാകും. നിസ്സാരമായി പരിഹരിക്കാവുന്ന കാര്യമാണിത്. എല്ലാത്തരം യന്ത്രങ്ങളും സ്ഥലത്ത് ഉണ്ടായിരിക്കെ ഈ പ്രശ്നങ്ങളൊന്നും ബന്ധപ്പെട്ടവർ ഗൗരവത്തിൽ എടുക്കുന്നില്ല.
കായംകുളത്തിനും തോട്ടപ്പള്ളിക്കും ഇടയിൽ കൊറ്റുകുളങ്ങര, ചേപ്പാട്, നങ്ങ്യാർകുളങ്ങര, ഹരിപ്പാട് ബസ്റ്റാൻഡ്, മാധവാ ജങ്ഷൻ, കരുവാറ്റ വഴിയമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്റെ ശോചനീയാവസ്ഥ യാത്രക്കാർക്ക് കടുത്ത ദുരിതമാണ് തീർക്കുന്നത്. സൂചന ബോർഡ് സ്ഥാപിക്കാത്തതാണ് മറ്റൊരു വിഷയം. നല്ല റോഡിലൂടെ സഞ്ചരിച്ച ശേഷമാണ് വഴുക്കലുള്ള റോഡിലേക്ക് കയറുന്നത്. അർധരാത്രി സമയങ്ങളിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ വഴുക്കൽ റോഡിലേക്ക് കയറി അപകടങ്ങൾ ഉണ്ടാകുന്നു. മുന്നറിയിപ്പ് ബോർഡുകൾ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. ഏറെ തിരക്കുള്ള നങ്ങ്യാര്‍കുളങ്ങര ജങ്ഷനിൽ സൂചനാ ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. ഇക്കാര്യങ്ങൾ കരാറുകാരെയും ദേശീയപാത അധികൃതരെയും അറിയിച്ചിട്ടും യാതൊരു നടപടിയുമുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.