ദേശീയപാത വികസനം; ഭൂമിയേറ്റെടുക്കാൻ 600 കോടി കൂടി വേണം
text_fieldsഹരിപ്പാട്: ദേശീയപാത വികസനത്തിന് 600 കോടികൂടി ആവശ്യപ്പെട്ട് ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം. ഏറ്റെടുക്കുന്ന ഭൂമിക്കും നിർമിതികൾക്കും നഷ്ടപരിഹാരം നൽകാൻ 600 കോടികൂടി വേണമെന്ന് ദേശീയപാത അതോറിറ്റിയോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസം 31ന് മുമ്പ് അധികതുക ലഭ്യമായേക്കും. തുറവൂർ മുതൽ ജില്ല അതിർത്തിയായ കൃഷ്ണപുരംവരെ ഭൂമിയേറ്റെടുക്കുന്നതിന് 3180.53 കോടിയാണ് ദേശീയപാത അതോറിറ്റി അനുവദിച്ചത്. ഈ തുകയുടെ വിനിയോഗം പൂർത്തിയായി. ഈ സാഹചര്യത്തിലാണ് അധികതുക ആവശ്യപ്പെട്ടത്. അരൂർ -തുറവൂർ ഭാഗത്ത് ഭൂമിയെടുക്കാനുള്ള ചെലവ് ഇതിൽ ഉൾപ്പെട്ടിട്ടില്ല.
2021 ആഗസ്റ്റിലാണ് ജില്ലയിൽ നഷ്ടപരിഹാര വിതരണം തുടങ്ങിയത്. അടുത്തിടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്. ആദ്യവിജ്ഞാപനങ്ങളിൽ ഉൾപ്പെടാതെ പോയ ഭൂമിയുടെ വിവരങ്ങൾ ചേർത്ത് ഭൂമിയേറ്റെടുക്കുന്നതിന് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള തുക നൽകാനും നഷ്ടപരിഹാര നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള പരാതികൾ തീർപ്പാക്കാനും മറ്റുമാണ് അധിക ഫണ്ട് ആവശ്യമായി വന്നത്. ഭൂമിയേറ്റെടുക്കുന്നതിന്റെ ചുമതലയുള്ള സ്പെഷൽ ഡെപ്യൂട്ടി കലക്ടറുടെയും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെയും സംയുക്ത അക്കൗണ്ടിലേക്കാണ് നഷ്ടപരിഹാരത്തുക കൈമാറുന്നത്. മാർച്ച് 31ന് ശേഷം ദേശീയപാത അതോറിറ്റിയുടെ ഭൂമിരാശി പോർട്ടൽ വഴി ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നഷ്ടപരിഹാരം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.