ആദായ നികുതി നിബന്ധന, ദേശീയപാത ഭൂമി ഏറ്റെടുക്കൽ: നഷ്ടപരിഹാരം നിർത്തി
text_fieldsഹരിപ്പാട്: ഉറവിടത്തിൽനിന്നുള്ള നികുതി (ടി.ഡി.എസ്) പിടിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്ന് ജില്ലയിൽ ദേശീയപാതക്ക് ഭൂമിയേറ്റെടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് നിർത്തിവെച്ചു. 15 കോടി രൂപയോളം ഭൂവുടമകളുടെ അക്കൗണ്ടിൽ വരവുവെക്കുന്ന നടപടി പൂർത്തിയായിരുന്നു.
എന്നാൽ, ടി.ഡി.എസ്. നിർബന്ധമെന്ന ഇൻകം ടാക്സ് അധികൃതരുടെ നിർദേശത്തെ തുടർന്ന് അവസാനനിമിഷം തുക കൈമാറുന്നതു തടഞ്ഞത് തിങ്കളാഴ്ചയാണ്. സർക്കാറിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തതതേടി ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം കത്തയച്ചു. മറുപടി ലഭിച്ച ശേഷമേ ഇനി നഷ്ടപരിഹാരത്തുക വിതരണം ചെയ്യൂ. ജില്ലയിൽ ഇതുവരെ 49 കോടി രൂപയാണ് ഭൂവുടമകൾക്ക് വിതരണം ചെയ്തത്. 86 കോടി രൂപകൂടി കൈമാറാനുള്ള നടപടി പൂർത്തിയാകുന്നു. ഇതിൽ 15 കോടി രൂപയാണ് തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ അക്കൗണ്ടിലേക്കു പോകേണ്ടിയിരുന്നത്. ദേശീയപാതക്ക് ഭൂമിയേറ്റെടുത്തത് 1956-ലെ ദേശീയപാത നിയമപ്രകാരമാണ്. ഇതുപ്രകാരം നഷ്ടപരിഹാരത്തുകക്ക് ടി.ഡി.എസ് ബാധകമാണ്. മുമ്പ് ഭൂമിയേറ്റെടുത്തപ്പോഴെല്ലാം നികുതിയീടാക്കിയിട്ടുമുണ്ട്. എന്നാൽ, 2013-ലെ പുതിയ കേന്ദ്രനിയമപ്രകാരം പൊതുആവശ്യങ്ങൾക്കുള്ള നിർബന്ധിത ഏറ്റെടുക്കലിെൻറ നഷ്ടപരിഹാരത്തിന് നികുതി ബാധകമല്ല. ദേശീയപാത 66 വികസനത്തിന് ഭൂമിയേറ്റെടുത്തത് പഴയ നിയമപ്രകാരമാണെങ്കിലും നഷ്ടപരിഹാരം നൽകുന്നത് 2013-ലെ നിയമമനുസരിച്ചാണ്. ഇതാണ് ടി.ഡി.എസ്. ബാധകമല്ലെന്ന വാദത്തിന് അടിസ്ഥാനം.
നഷ്ടപരിഹാരത്തുക രണ്ടരലക്ഷം വരെയെങ്കിൽ നികുതിയില്ല. ഇതിനു മുകളിലുള്ളവർക്ക് പാൻകാർഡുണ്ടെങ്കിൽ 10 ശതമാനവും ഇല്ലാത്തവരിൽനിന്ന് 20 ശതമാനവും നികുതി ഈടാക്കാനാണ് ഇൻകം ടാക്സ് നിർദേശം. വടക്കൻ ജില്ലകളിൽ ദേശീയപാതക്ക് ഭൂമിയേറ്റെടുത്തപ്പോഴൊന്നും ടി.ഡി.എസ് ഈടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൊല്ലം ജില്ലയിൽ ഇതിനു വിരുദ്ധമായ നടപടിയുണ്ടായി. കലക്ടർക്ക് ലഭിച്ച നിയമോപദേശപ്രകാരം നഷ്ട പരിഹാരത്തുകയിൽനിന്ന് നികുതി ഈടാക്കാൻ അവിടെ നടപടിയായിട്ടുണ്ട്. ഭൂവുടമ വിദേശമലയാളി (എൻ.ആർ.ഐ.) ആണെങ്കിൽ നികുതിയിളവ് ലഭിക്കില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. 2013-ലെ കേന്ദ്രനിയമത്തിലെ 194 എൽ.എ. അനുച്ഛേദപ്രകാരം രാജ്യത്തെ സ്ഥിരതാമസക്കാർക്കാണ് നികുതിയിളവിെൻറ ആനുകൂല്യം. 195 വകുപ്പുപ്രകാരമാണ് എൻ.ആർ.ഐയെ പരിഗണിക്കുന്നത്. കൃഷിഭൂമിയാണെങ്കിലും ഇവർ ടി.ഡി.എസ് അടക്കാൻ ബാധ്യസ്ഥരാണ്.
നഷ്ടപരിഹാരത്തുകയിൽനിന്ന് പിടിക്കുന്ന നികുതി അർഹതയുള്ളവർക്കെല്ലാം ആനുപാതികമായി മടക്കിക്കിട്ടുമെന്നാണ് ഇൻകം ടാക്സ് അധികൃതർ പറയുന്നത്.
നഷ്ടപരിഹാരത്തുകയുടെ 10 ശതമാനമാണ് ടി.ഡി.എസ് ആയി ഈടാക്കുന്നതെങ്കിലും നികുതി കണക്കാക്കുമ്പോൾ ഇതിൽനിന്ന് തുക കുറയും. ഭൂമിയുടെ അടിസ്ഥാനവിലയും സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയും താരതമ്യംചെയ്ത് ഭൂ ഉടമക്കുണ്ടായിരിക്കുന്ന ലാഭത്തിെൻറ (ക്യാപ്പിറ്റൽ ഗെയിൻ) 20 ശതമാനമാണ് ഇൻകം ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തേണ്ടത്. ലാഭത്തിൽ 2.5 ലക്ഷം രൂപക്ക് നികുതിയിളവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.