പുഞ്ചകൃഷി: കൈയൊഴിഞ്ഞ് കൃഷി വകുപ്പ്; അധിക നെൽ വിത്ത് കർഷകർ കണ്ടെത്തണം
text_fieldsഹരിപ്പാട്: പുഞ്ചകൃഷിക്കുള്ള ഒരുക്കം സജീവമായ ഘട്ടത്തിൽ കൃഷിക്ക് ആവശ്യമായ നെൽവിത്ത് പൂർണമായും കൃഷി വകുപ്പിൽനിന്ന് ഇക്കുറി ലഭ്യമാകില്ലെന്ന് സൂചന. വിത്ത് ക്ഷാമം കർഷകരെ കൂടുതൽ ദുരിതത്തിലാക്കും.
പുഞ്ചകൃഷിക്ക് പൂർണസബ്സിഡിയായി ഹെക്ടറിന് 100 കിലോ വിത്ത് ലഭിക്കുമെന്നും അധികമായി വിത്ത് ആവശ്യമായിവരുന്നവർ സ്വന്തമായി വിത്ത് കണ്ടെത്തണമെന്നും കൃഷി ഉദ്യോഗസ്ഥർ പാടശേഖര സമിതികൾക്ക് നിർദേശം നൽകിയതാണ് ആശങ്കക്ക് കാരണം.
മുൻ കാലങ്ങളിൽ സബ്സിഡിയായി അനുവദിക്കുന്ന വിത്ത് കൂടാതെ അധികമായി ആവശ്യം വരുന്ന വിത്തും കൃഷി വകുപ്പ് നൽകിയിരുന്നു. ഇതിനു പൂർണവില നൽകണമെന്ന് മാത്രം. എന്നാൽ, ഈ സൗകര്യം ഇക്കുറി ഉണ്ടാകില്ലെന്നാണ് കൃഷി ഓഫിസർമാർ പാടശേഖര സമിതികൾക്ക് കൊടുത്ത നിർദേശം. സംസ്ഥാനത്ത് നെൽവിത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതാണ് ഇതിനു പ്രധാനപ്പെട്ട കാരണമായി പറയുന്നത്.
കൃഷി ഓഫിസർമാരുടെ ഉത്തരവാദിത്തത്തിൽ എത്തിച്ച് നൽകുന്ന നെൽവിത്തുകളുടെ പണം പാടശേഖര സമിതികൾ സമയബന്ധിതമായി അടക്കാത്തതാണ് മറ്റൊരു കാരണമായി പറയുന്നത്.
പലപ്പോഴും കൃഷി ഓഫിസർമാർക്ക് ഇത് വലിയ ബാധ്യതയാണ്. ഒക്ടോബറോടെ പുഞ്ചകൃഷി തുടങ്ങാനിരിക്കെ അധിക വിത്തിന് കർഷകർ നെട്ടോട്ടമോടേണ്ടി വരും. സ്വകാര്യ ഏജൻസികളിൽനിന്ന് വിത്ത് വാങ്ങുകയോ രണ്ടാം കൃഷിയിറക്കിയ കർഷകരിൽനിന്ന് നിലവാരമുള്ള നെല്ല് വാങ്ങി ഈർപ്പരഹിതമാക്കി ഉപയോഗിക്കുകയോ മാത്രമാണ് കർഷകരുടെ മുന്നിലുള്ള പോംവഴി.
മടവീഴ്ചയും മറ്റ് പ്രതിസന്ധികളും മൂലം കഴിഞ്ഞ സീസണിൽ രണ്ടാം കൃഷി അധികമായി ഇല്ലാതിരുന്നതിനാൽ കർഷകരിൽനിന്ന് ആവശ്യമുള്ള നെല്ല് സമാഹരിക്കുക പ്രയാസമാണ്. സ്വകാര്യ ഏജൻസികളാണ് പിന്നീടുള്ള ആശ്രയം.
ഏജൻസികളിൽനിന്ന് വാങ്ങുന്ന വിത്തും സർക്കാർ വിതരണം ചെയ്യുന്ന വിത്തും തമ്മിലുള്ള നിലവാരത്തിൽ വ്യത്യാസമുണ്ടായാൽ കൃഷിയെയും കർഷകരെയും അത് ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. സർക്കാർ കണക്കനുസരിച്ച് വീയപുരം മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരത്തിൽ പതിനാലര ടൺ വിത്താണ് വേണ്ടത്.
എന്നാൽ, കർഷകരുടെ കണക്കനുസരിച്ച് 19 ടൺ വിത്ത് വേണം. ഇരുപതിലധികം പാടശേഖരങ്ങളാണ് വീയപുരം കൃഷിഭവൻ പരിധിയിലുള്ളത്. ഈ അനുപാതത്തിലാണ് കർഷകർ വിത്ത് കണ്ടെത്തേണ്ടത്. പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർതലത്തിൽ സംവിധാനം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
നാഷനൽ സീഡ് കോർപറേഷൻ, കർണാടക സീഡ് കോർപറേഷൻ എന്നിവയിൽനിന്ന് സർക്കാർ നേരിട്ട് വിത്ത് വാങ്ങി വിതരണം ചെയ്താൽ സ്വകാര്യ ഏജൻസികളുടെ കൊള്ളയിൽനിന്ന് കർഷകർക്ക് രക്ഷനേടാമെന്ന് പാടശേഖര സമിതികളും കർഷകരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.