എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം 733 വിദ്യാർഥികൾ 'പെരുവഴി'യിലാകുമോ?
text_fieldsഹരിപ്പാട്: എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം നിർത്തലാക്കിയാൽ അനിശ്ചിതത്വത്തിലാകുക 733 കുട്ടികളുടെ വിദ്യാഭ്യാസം. ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ ഇവിടെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലാണ് ഇത്രയും കുട്ടികൾ പഠിക്കുന്നത്. ഇപ്പോൾ വേണ്ടത്ര അധ്യാപകരില്ല. അടച്ചുപൂട്ടൽ ഭീഷണിയിലായതോടെ ചില അധ്യാപകർ സ്ഥലംമാറ്റം വാങ്ങി.
ഇപ്പോൾ എത്ര അധ്യാപകരുണ്ടെന്ന കണക്ക് അധികൃതർ പറയുന്നില്ല. 22 വർഷമായി പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. വർഷം 2.5 കോടിയോളം രൂപയാണ് സ്കൂൾ നടത്തിപ്പിനായി എൻ.ടി.പി.സി ചെലവഴിക്കുന്നത്. താപനിലയം പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് സ്കൂൾ നിർത്തലാക്കാൻ എൻ.ടി.പി.സി പറയുന്ന കാരണം. നിലവിലെ തീരുമാന പ്രകാരമാണെങ്കിൽ മാർച്ച് 31ന് വിദ്യാലയം നിർത്തലാക്കും. ഇതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്.
വിഷയത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ 28ന് തിരുവനന്തപുരത്ത് യോഗം ചേരും. എ.എം.ആരിഫ് എം.പിയും രമേശ് ചെന്നിത്തല എം.എൽ.എയും അഭ്യർഥിച്ചതു പ്രകാരമാണ് സംസ്ഥാന സർക്കാറിന് പ്രശ്നത്തിൽ ഇടപെടാനുള്ള സാധ്യത പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചത്.
വിഷയം ലോക്സഭയിൽ ഉന്നയിച്ചെന്നും രാജ്യത്ത് 14 കേന്ദ്രീയ വിദ്യാലയങ്ങൾ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനമാണ് വിനയെന്നും എ.എം. ആരിഫ് എം.പി പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാൻ അതത് എം.പിമാരുടെ സഹായം തേടിയിട്ടുണ്ട്. അടുത്ത ദിവസം എം.പിമാർ കേന്ദ്രമന്ത്രി നിർമല സീതാരാമനെ കാണും. അടുത്ത വർഷത്തെ എം.പി ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ സ്കൂൾ നിലനിർത്താനായി പ്രത്യേക അനുമതി തേടി ബന്ധപ്പെട്ടവർക്ക് കത്ത് നൽകി. ആസ്തികൾ സൃഷ്ടിക്കുന്ന പദ്ധതികൾക്കേ പ്രത്യേക അനുമതി നൽകാറുള്ളൂ. എന്നാൽ, മറ്റുള്ളവയ്ക്കും പ്രത്യേക പരിഗണനയിൽ അനുമതി നൽകിയ സംഭവങ്ങളുണ്ട് എന്നതാണ് പ്രതീക്ഷയെന്നും എം.പി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിമാരെ കെണ്ടന്നും പ്ലാൻറ് നിർത്തിയതും പണമില്ലാത്തതുമാണ് എൻ.ടി.പി.സിയുടെ പ്രശ്നമെന്നും കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയം നിലനിർത്തിയേ പറ്റൂ. അതിന് സംസ്ഥാന സർക്കാറും ഇടപെടണം. മറ്റു ചില ജില്ലകളിലെപ്പോലെ സംസ്ഥാനസർക്കാർ ഈ സ്കൂളിനെയും സ്പോൺസർ ചെയ്യണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. സ്കൂൾ നിലനിർത്താനുള്ള സമരത്തിന് എല്ലാ പിന്തുണയും നൽകുമെന്നും രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. വിഷയത്തിൽ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.