വള്ളംകളി ആരവം ഉയരാൻ ദിവസങ്ങൾ മാത്രം
text_fieldsഹരിപ്പാട്: കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ട് വർഷമായി നിലച്ച വള്ളംകളി ആരവങ്ങളോടെ തിരിച്ചെത്തുന്നതിന് കാതോർക്കുകയാണ് ജലോത്സവ പ്രേമികൾ. ഇക്കൊല്ലത്തെ ജലോത്സവങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇവർ വലിയ ആവേശത്തിലാണ്. അപ്പർകുട്ടനാട്ടിൽ കളിക്കിറങ്ങാനുള്ള തയാടെപ്പുകൾ അവസാന ഘട്ടത്തിലാണ്. രണ്ട് വർഷം വള്ളങ്ങൾ കളിക്കിറങ്ങാത്തതിന്റെ പ്രശ്നങ്ങൾ നിരവധിയാണ്. വർഷാവർഷം അറ്റകുറ്റപ്പണിയും അനുബന്ധ പ്രവർത്തനങ്ങളും നടത്താതിരുന്നത് മൂലം വലിയ സാമ്പത്തികഭാരമാണ് ക്ലബുകൾ വഹിക്കേണ്ടി വരുന്നത്. സംസ്ഥാനത്ത് 27 ചുണ്ടൻ വള്ളങ്ങളും അമ്പതോളം വെപ്പ്, ഇരുട്ടുകുത്തി,തെക്കനോടി, ചുരുളൻ തുടങ്ങിയ ഇനത്തിൽപ്പെട്ട ചെറുവള്ളങ്ങളുമാണുള്ളത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ആശ്വാസ നടപടികൾ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ക്ലബുകൾ.
ഒരു ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വള്ളങ്ങളുടെ അറ്റകുറ്റപ്പണിയും നെയ് പുരട്ടലും അടക്കമുള്ള പണികൾ മാലിപ്പുരകളിൽ പുരോഗമിക്കുന്നു. പല വള്ളങ്ങളും പരിശീലന തുഴച്ചിലിനായി നീറ്റിലിറക്കിയിട്ടുണ്ട്. 12ന് നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് ഓണക്കാലത്ത് ചെറുതും വലുതുമായ നിരവധി ജലോത്സവങ്ങൾക്കാണ് വേദിയൊരുങ്ങുക. ചുണ്ടൻ വള്ളങ്ങൾ അണിനിരക്കുന്ന പായിപ്പാട് ജലോത്സവം, ഐതിഹ്യപ്പെരുമക്ക് പുകൾപെറ്റ പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ആറന്മുള ഉതൃട്ടാതി ജലോത്സവം, ചെങ്ങന്നൂർ ഇറപ്പുഴ പള്ളിയോട ജലോത്സവം, ചുണ്ടൻ വള്ളങ്ങൾ മാറ്റുരക്കുന്ന മാന്നാർ മഹാത്മാ ജലോത്സവം, കരുവാറ്റാ വള്ളംകളി, നീരേറ്റുപുറം വള്ളംകളി, പല്ലന കുമാരനാശാൻ സ്മാരക ജലോത്സവം തുടങ്ങിയവയാണ് ഓണക്കാല ജലോത്സവങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ടത്.
പ്രസിദ്ധമായ നെഹ്റു ട്രോഫി ബോട്ട് റേസ് ഇക്കുറി ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച ഉണ്ടാകില്ല. പകരം സെപ്റ്റംബർ നാലിനാകും നടക്കുക. ഈ മത്സരത്തോടനുബന്ധിച്ചാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കമാകുക. നവംബർ 26 ന് നടക്കുന്ന കൊല്ലം പ്രസിഡന്റ്സ് ട്രോഫിയാണ് അവസാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.