വയോധികയുടെ സത്യസന്ധതയിൽ പൊന്നമ്മക്ക് കളഞ്ഞു പോയ പണം തിരികെ ലഭിച്ചു
text_fieldsഹരിപ്പാട്: വയോധികയുടെ സത്യസന്ധതയിൽ പൊന്നമ്മക്ക് പണമടങ്ങിയ പേഴ്സ് തിരികെ ലഭിച്ചു. കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകി അമ്പലപ്പുഴ സ്വദേശി വസന്തയാണ് (70 ) മാതൃകയായത്.
കരുവാറ്റ തൈതറയിൽ പൊന്നമ്മക്കാണ് നഷ്ടപ്പെട്ടെന്ന് കരുതിയ പേഴ്സും 13000 രൂപയും തിരികെ ലഭിച്ചത്. വസന്ത എടത്വയിൽ നിന്നും അമ്പലപ്പുഴക്ക് പോകുവാൻ ഹരിപ്പാട് വഴിയുള്ള ബസിലാണ് കയറിയത്. ബസ് ഹരിപ്പാട് സ്റ്റാൻഡിൽ എത്തിയപ്പോൾ പൊന്നമ്മ ബസിൽ കയറി. ഹരിപ്പാട് ആശുപത്രി നിന്നും വാക്സിൻ എടുക്കാൻ എത്തിയതായിരുന്നു പൊന്നമ്മ.
ഇവർ ബസിൽ വാസന്തിയുടെ സമീപത്തായിരുന്നു ഇരുന്നത്. ഇവർ കരുവാറ്റ ഇറങ്ങുകയും ചെയ്തു. ബസ് അമ്പലപ്പുഴയിൽ എത്തിയപ്പോഴാണ് വസന്ത സീറ്റിൽ കിടന്ന പേഴ്സ് കാണുന്നത്. ബസിൽ കണ്ടക്ടർ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്. വസന്ത വീട്ടിലെത്തി പൊതുപ്രവർത്തകൻ കൂടിയായ മകൻ അനിൽ കുതിരപ്പന്തിയെ ഏൽപ്പിച്ചു വിവരം പറഞ്ഞു. തുടർന്ന് അനിൽ ഈ വിവരം ഹരിപ്പാട് പൊലീസിനെ അറിയിച്ചു.
പേഴ്സിൽ ഉണ്ടായിരുന്ന രണ്ട് നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അത് ഓട്ടോഡ്രൈവർമാരുടേതായിരുന്നു. തന്‍റെ മകളെ കരുമാടി ചിറ പറമ്പിൽ വീട്ടിൽ വിവാഹം കഴിച്ച് അയച്ചതായി പൊന്നമ്മ പറഞ്ഞത് വാസന്തി പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് കരുമാടിയിൽ നടത്തിയ അന്വേഷണത്തിൽ പൊന്നമ്മയെ കണ്ടെത്തുകയും ചെയ്തു. വസന്തയുടെ മകൻ അനിൽ ഹരിപ്പാട് സ്റ്റേഷനിൽ എത്തി പേഴ്സ് പൊന്നമ്മയ്ക്ക് കൈമാറുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.