രാകേഷിന്റെ തിരോധാനം; കൊലപാതകം തെളിയിക്കാൻ കടമ്പകൾ ഏറെ
text_fieldsകുമാരപുരത്തുള്ള കിഷോറിന്റെ വീട്ടിൽ നിന്ന് പിടികൂടിയ മാരകായുധങ്ങൾ, രാകേഷ്
ഹരിപ്പാട്: 2015 നവംബർ ആറ് മുതൽ കാണാതായ ഹരിപ്പാട് കൂട്ടംകൈത സ്വദേശി രാകേഷിനെ കൊലപ്പെടുത്തിയതാണെന്ന ഉറച്ച നിഗമനത്തിലാണ് പൊ ലീസെങ്കിലും അത് തെളിയിക്കാൻ കടമ്പകൾ ഏറെയാണ്. പത്തുവർഷത്തോളമാകുന്ന കേസിന്റെ ചുരുളഴിക്കാൻ പൊ ലീസിന് ഏറെ പാടുപെടണം. തെളിവുകൾ കണ്ടെത്തലാണ് പ്രധാന പ്രശ്നം. ശരീര അവശിഷ്ടങ്ങൾ കണ്ടെത്തുകയാണ് അതിൽ പ്രധാനം. പ്രതികളെന്ന് സംശയിക്കുന്നവരെ നിരവധി തവണ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചനയൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
അധികാരസ്ഥാനങ്ങൾ നിന്ന് ശക്തമായ പിന്തുണ ലഭിക്കാത്തതിനാൽ കടുത്ത രീതിയിലുള്ള നടപടിക്ക് പൊ ലീസ് മടിക്കുകയാണ്. കേസന്വേഷണത്തിന്റെ തുടക്കത്തിൽ ഉണ്ടായ പാളിച്ചയാണ് അന്വേഷണം പ്രതിസന്ധിയിലാകാൻ കാരണം. കൊലപാതകമാണെന്ന് സംശയിക്കാവുന്ന തെളിവുകൾ തുടക്കത്തിൽ തന്നെ ലഭിച്ചെങ്കിലും പൊലീസ് ഗൗരവത്തിൽ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. സാധാരണ ഒരു കാണാതാകൽ സംഭവം എന്ന നിലയ്ക്കാണ് കേസ് കൈകാര്യം ചെയ്തത്.
പ്രതികൾക്ക് രക്ഷപ്പെടാൻ ഇത് വഴിയൊരുക്കി. മകനെ ഏഴുപേർ ചേർന്ന് കൊലപ്പെടുത്തിയതാണെന്നും കേസന്വേഷണത്തിൽ പൊലീസ് ഗുരുതര വീഴ്ച കാട്ടിയെന്നും ആരോപിച്ച് രാകേഷിന്റെ മാതാവ് രമ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചതാണ് കേസ് വീണ്ടും ചർച്ചയാകാൻ കാരണം. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മനസ്സിലായപ്പോൾ അന്ന് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ കണ്ട് പരാതി പറഞ്ഞെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹവും കൈക്കൊണ്ടതെന്ന് രമ ആരോപിക്കുന്നു.
കഴിഞ്ഞദിവസം കേസന്വേഷണ ഭാഗമായി കുമാരപുരത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ വിദേശ നിർമിത തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പിടികൂടിയതോടെ കേസിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. കുമാരപുരം പൊത്തപ്പള്ളി വടക്ക് കായൽ വാരത്തുവീട്ടിൽ കിഷോറിന്റെ (39) വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിദേശ നിർമിത തോക്കും 53 വെടിയുണ്ടകളും കണ്ടെടുത്തത്. ഇത് ലോഡിങ് പൊസിഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കൂടാതെ രണ്ട്വാളും ഒരു മഴുവും സ്റ്റീൽ പൈപ്പും കണ്ടെത്തി. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പരിശോധന സമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. മാരകായുധവും ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം സൂക്ഷിച്ചതിനും പൊലീസ് കേസെടുത്തു. രാകേഷിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഈ സംഭവത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം കായകുളം ഡിവൈ.എസ്.പി ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നതിന്റെ അടിസ്ഥാനത്തിൽ രാകേഷുമായി മുൻ വൈരാഗ്യം ഉള്ളവരും ഇതിൽ പ്രതികളെന്ന് സംശയിക്കുന്നവരുമായ അഞ്ചു പേരുടെ വീടുകളിൽ ഒരേ സമയം പൊലീസ് പരിശോധന നടത്തി. ഐ.എസ്.എച്ച്.ഒമാരായ മുഹമ്മദ് ഷാഫി, നിസാം, അമൽ, എസ്.ഐ ഷൈജ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.