വീടിന് പുറത്തിറങ്ങിയാൽ പറന്നുവന്ന് ആക്രണം; അക്രമണകാരിയായ പരുന്തിനെ ഒടുവിൽ പിടികൂടി
text_fieldsഹരിപ്പാട്: വീടിന് പുറത്തിറങ്ങിയാൽ പറന്നുവന്ന് നിരന്തരം കൊത്തുന്ന അക്രമണകാരിയായ പരുന്തിനെ പിടികൂടി. ചിങ്ങോലി പന്ത്രണ്ടാം വാർഡിൽ വൈദ്യശാലയ്ക്ക് പടിഞ്ഞാറ് പേരാത്ത് ഭാഗത്തെ വീടുകളിലെ ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത വിധം ശല്യക്കാരിയായിരുന്ന പരുന്തിനെ ആണ് നാട്ടുകാർ പിടികൂടിയത്.
വീടിന് പുറത്തിറങ്ങിയാൽ പറന്നുവന്ന് ആക്രമിക്കുന്ന രീതിയായിരുന്നു. ഇതുമൂലം ഭയപ്പാടോടെയാണ് കുട്ടികളടക്കമുള്ളവർ കഴിഞ്ഞിരുന്നത്. പരുന്തിന്‍റെ ആക്രമണത്തിൽ പേരാത്ത് തെക്കതിൽ സരോജിനി മരുമകൾ ജയന്തി, ഹരി ഭവനം അമല, ഗൗരിസിൽ നീതു കൃഷ്ണ എന്നിവർക്ക് പരിക്കേറ്റിരുന്നു. പരുന്തിന്‍റെ ശല്യം കാരണം ഭീതിയോടെ കഴിഞ്ഞിരുന്ന ജനങ്ങൾ, വിഷയം ഗ്രാമസഭയിൽ വിവരമറിയിക്കുകയും ഗ്രാമപഞ്ചായത്ത് അംഗം ബി അൻസിയ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വല ഉപയോഗിച്ച് പരിക്കേൽക്കാതെ പിടികൂടുകയായിരുന്നു.
ഗ്രാമപഞ്ചായത്തംഗം ബി ആൻസിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പരുന്തിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഒരു വർഷം മുമ്പ് മുതുകുളം തെക്ക് വെട്ടത്തുമുക്ക് ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നു. ഈ പരുന്തിനെ നാട്ടുകാർ പിടികൂടി തോട്ടപ്പള്ളിയിൽ എത്തിച്ച് തുറന്ന് വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.