രോഗശയ്യയിൽ മാതാവിനെ മക്കൾ ഉപേക്ഷിച്ചു; ഒടുവിൽ മരണശേഷം അവർ ഏറ്റെടുത്തു
text_fieldsഹരിപ്പാട്: വാർധക്യത്തിലും രോഗശയ്യയിലും ഉപേക്ഷിച്ച ആ അമ്മയെ ഒടുവിൽ മരിച്ചശേഷം മക്കൾ ഏറ്റെടുത്തു. വാർധക്യത്തിന്റെയും രോഗപീഡയുടെയും സമയത്ത് മക്കളുടെ കനിവ് പ്രതീക്ഷിച്ച് കാത്തിരുന്ന ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മി ഭവനിൽ സരസമ്മയാണ് (74) ഹരിപ്പാട് ഗവ. ആശുപത്രിയിൽ ബുധനാഴ്ച രാത്രി മരിച്ചത്.
അഞ്ചു മക്കളുണ്ടായിട്ടും ആരും സംരക്ഷിക്കുന്നില്ലെന്ന് സരസമ്മ ആർ.ഡി.ഒക്ക് പരാതി നൽകിയിരുന്നു. പലവിധ ഇടപെടൽ നടത്തിയിട്ടും മക്കൾ സംരക്ഷണം ഏറ്റെടുക്കാൻ തയാറായി മുന്നോട്ടുവന്നില്ല. അയൽവാസിയായ അംബികയും ഭർത്താവുമാണ് ഇവർക്ക് ആശുപത്രിയിൽ തുണയായത്.
രോഗം വഷളായതിനെ തുടർന്ന് ചെങ്ങന്നൂർ ആർ.ഡി.ഒ ഇടപെട്ട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മക്കളെ വിളിച്ചുവരുത്താൻ ആർ.ഡി.ഒ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്ച രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആർ.ഡി.ഒ കോടതിയിൽ ഹാജരാക്കി. മാതാവിനെ നോക്കാൻ തയാറാണെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. എന്നാൽ, മക്കളുടെ കനിവിന് കാത്തുനിൽക്കാതെ സരസമ്മ മരിച്ചു. കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മൂന്ന് ആൺമക്കളും രണ്ടുപെൺമക്കളുമാണ് സരസമ്മക്കുള്ളത്. മക്കൾ എല്ലാം നല്ല നിലയിലുമാണ്. ആരോഗ്യവകുപ്പിൽ നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച ഇവർ ഭർത്താവ് മരിച്ചശേഷം മക്കളുടെ കൂടെയായിരുന്നു താമസം. മാതാവ് രോഗശയ്യയിൽ ആയതിനെത്തുടർന്ന് മക്കൾ നോക്കാതെയായി. ഒരു മാസം മുമ്പ് ഒരു മകൾ അമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്ഥലം വിട്ടെന്ന് പൊലീസ് പറഞ്ഞു.
മരണശേഷം മക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും ആർ.ഡി.ഒയുടെ ഉത്തരവിനു വിധേയമായേ മൃതദേഹം മക്കൾക്ക് വിട്ടുകൊടുക്കുകയുള്ളൂവെന്ന് ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജു വി. നായർ അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് ആർ.ഡി.ഒയുടെ ഉത്തരവ് പ്രകാരം മൃതദേഹം മക്കൾക്ക് വിട്ടുകൊടുത്തത്. കുടുംബവീട്ടിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.