കുമാരപുരത്ത് വീട് കത്തിനശിച്ചു
text_fieldsഹരിപ്പാട്: തീപിടുത്തത്തിൽ വീട് കത്തിനശിച്ചു. കുമാരപുരം 13-ാം വാർഡിൽ എരിക്കാവ് പഴയചിറ കൊച്ചു കളത്തിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ജെ.സി.ഒ രവീന്ദ്രന്‍റെ വീടാണ് വെള്ളിയാഴ്ച രാവിലെ 9.30 ഓടെ കത്തി നശിച്ചത്.
മൂന്ന് മുറികളും ഹാളും അടുക്കളയുമടങ്ങിയ ഓടിട്ട വീടിനാണ് തീ പിടിച്ചത്. വീട്ടിനുള്ളിലുണ്ടായിരുന്ന തടിയുടെ ഫർണിച്ചറുകളും വീട്ടുപകരണങ്ങളും തുണികളും കത്തിനശിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും നശിച്ചതായി വീട്ടുടമയായ രവീന്ദ്രൻ പറഞ്ഞു. വീടിന് തീപിടിക്കുന്ന സമയത്ത് രവീന്ദ്രനും ഭാര്യ അജിയും വീട്ടിൽ ഉണ്ടായിരുന്നില്ല. അയൽവാസികളും വീടിന് സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പു തൊഴിലാളികളുമാണ് ആദ്യം ഓടിയെത്തി വെള്ളം കോരിയൊഴിച്ചത്.
ഇവർ അറിയിച്ചതനുസരിച്ച് ഹരിപ്പാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ ടി. സുരേഷ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ പി.ജി. ദിലീപ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. വാഹന സൗകര്യം എത്താത്ത പ്രദേശമായതിനാൽ പ്രധാന റോഡിൽ നിന്ന് അര കിലോമീറ്റർ കാൽ നടയായി വാട്ടർപമ്പുമായി എത്തിയാണ് അടുത്ത കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്ത് തീ അണച്ചത്.
തൃക്കുന്നപ്പുഴ പൊലീസ്, കുമാരപുരം വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി .വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.