താൽക്കാലിക ഷെഡുകളിലെ കച്ചവട സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയയാൾ പിടിയിൽ
text_fieldsഹരിപ്പാട്: താൽക്കാലിക ഷെഡുകളിലെ തട്ടുകടകളിലും പച്ചക്കറി കടകളിലും മോഷണം നടത്തിവന്ന ലോട്ടറി കച്ചവടക്കാരനായ പ്രതി പിടിയിൽ. മണ്ണാറശാല മുളവന തെക്കതിൽ മുരുകനാണ് പിടിയിലായത്.
പകൽ ഹരിപ്പാട് നഗരപ്രദേശത്ത് കറങ്ങി നടന്ന് ലോട്ടറി വിൽപന നടത്തുന്ന പ്രതി സി.സി.ടി.വി ഇല്ലാത്ത തട്ടുകടകളിലും പച്ചക്കറി കടകളിലുമാണ് മോഷണം നടത്തിയിരുന്നത്. ഹരിപ്പാട് പൊലീസ് രാത്രി നടത്തിയ നിരന്തര പരിശോധനയിലാണ് കഴിഞ്ഞദിവസം പുലർച്ച രണ്ടോടെ ടൗൺ ഹാൾ ജംഗ്ഷൻ സമീപത്തെ പച്ചക്കറി കടയിൽ മോഷണം നടത്തവേ മുരുകൻ പൊലീസിന്റെ പിടിയിലാകുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം ലഭിച്ചില്ലെങ്കിൽ സാധനങ്ങളും മറ്റും മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.
പിടിയിലായ സമയത്ത് ഒരു ബക്കറ്റ് നിറയെ സാധനങ്ങളും കണ്ടെടുത്തു. ഈ സ്ഥാപനത്തിൽ ഒമ്പതാം തവണയാണ് മോഷണം നടത്തുന്നത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മോഷണം നടക്കുന്ന കടകളിലെ മേശക്ക് മുകളിൽ ആരുടെയെങ്കിലും ഫോട്ടോകൾ ഉപേക്ഷിച്ചിട്ട് പോകുമായിരുന്നു.
മോഷ്ടിച്ച പഴ്സിൽ നിന്നും ലഭിച്ച ഫോട്ടോകളാണിതെന്ന് പൊലീസ് കണ്ടെത്തി. റോഡിനോട് ചേർന്നുള്ള താൽക്കാലിക കടകൾ ഷീറ്റിട്ടാണ് മറച്ചിരുന്നത്. ഇതിനാൽ പ്രതിക്ക് വേഗത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറാൻ കഴിയുമായിരുന്നു. നേരത്തെയും നിരവധി മോഷണ കേസുകളിൽ പൊലീസ് പിടിയിലായിട്ടുണ്ട്.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാർ, എസ്.ഐമാരായ ഷെഫീഖ്, ഷൈജ, രാജേഷ് ഖന്ന, സി.പി.ഒ മാരായ സനീഷ് കുമാർ, എ.നിഷാദ്, അൽ അമീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.