ഡാണാപ്പടി- കായംകുളം റോഡിലെ യാത്ര; ‘വല്ലാത്തൊരു അനുഭവംതന്നെ’
text_fieldsഹരിപ്പാട്: യാത്രക്കാർക്ക് ‘വല്ലാത്തൊരു അനുഭവമാണ്’ ഡാണാപ്പടി -കായംകുളം റൂട്ടിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത്. ദുരനുഭവങ്ങൾ ആണെന്ന് മാത്രം. നടുവൊടിയാതെ ലക്ഷ്യസ്ഥാനത്തെത്തിയാൽ ഭാഗ്യം.
കുഴികൾ നിറഞ്ഞ കായംകുളം-കാർത്തികപ്പള്ളി -ഡാണാപ്പടി റോഡിലൂടെയുളള യാത്ര കടുത്ത ദുരിതമായി തുടങ്ങിയിട്ട് മാസങ്ങളായി. ഒരു കുഴിയിൽനിന്ന് അടുത്ത കുഴിയിലേക്ക്... വീണ്ടും അടുത്ത കുഴിയിലേക്ക്. കിലോമീറ്ററുകളോളം ഈ അവസ്ഥയിലാണ് റോഡുള്ളത്. യാത്രയിൽ ശാരീരിക വിഷമത ഉള്ളവർ അനുഭവിക്കുന്ന പ്രയാസം ചെറുതല്ല. കാരണം, വെട്ടുകുഴികൾ കണക്കെയുള്ള ഗട്ടറുകളാണ് റോഡ് നിറയെ.
16 കിലോമീറ്ററോളം നീളമുളള റോഡ് ഒമ്പത് വർഷം മുമ്പാണ് പുനർനിർമിച്ചത്. അഞ്ച് വർഷമായിരുന്നു നിർമാണ കാലാവധി. കാലാവധി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുറച്ചു ഭാഗങ്ങൾ മാത്രമാണ് റീ ടാറിങ് നടത്തിയത്. പുല്ലുകുളങ്ങര മുതൽ എം.എസ്.എം കോളജ് ജങ്ഷനിലെ ദേശീയപാത വരെ റോഡ് പൂർണമായും തകർന്ന നിലയിലാണ്. കൂടാതെ മുഴങ്ങോടിക്കാവ്, മുതുകുളം ഹൈസ്കൂൾ ജങ്ഷൻ, കാർത്തികപ്പള്ളി ജങ്ഷന് വടക്ക്, ഡാണാപ്പടി മാർക്കറ്റ് തുടങ്ങിയയിടങ്ങളിലെല്ലാം റോഡ് തകർന്നു.
കുഴികളിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നത്. കാർത്തികപ്പള്ളി മുതൽ ചൂളത്തെരുവ് മുക്കുവരെയും മാമൂടിനു തെക്കു മുതൽ പുല്ലുകുളങ്ങര എൻ.ആർ.പി.എം സ്കൂൾ വരെയുമുള്ള രണ്ടു ഭാഗങ്ങളിൽ ഏട്ട് മാസം മുമ്പാണ് ടാറിങ് നടത്തിയത്. കാർത്തികപ്പള്ളിക്കും ചൂളത്തെരുവിനുമിടയിലുളള ടാറിങ്ങിലെ അപാകത മൂലം പലയിടത്തും പൊളിഞ്ഞു തുടങ്ങി.
റോഡിന്റെ ദുരവസ്ഥയിൽ ക്ഷുഭിതരാണ്. ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഒരു കോടിയോളം രൂപ റോഡിന്റെ പുനർനിർമാണത്തിന് അനുവദിച്ചിട്ട് മാസങ്ങളായി. കരാറുകാരനുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മൂലമാണ് നിർമാണം വൈകിയതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികാരികൾ നൽകുന്ന വിശദീകരണം. പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായെന്നും റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.