യാത്രാദുരിതം പരിഹരിക്കാതെ തൃക്കുന്നപ്പുഴ പാലം പൊളിക്കാൻ അനുവദിക്കില്ല -പഞ്ചായത്ത്
text_fieldsഹരിപ്പാട്: ജനങ്ങൾ അനുഭവിക്കുന്ന കടുത്ത യാത്രാദുരിതത്തിന് ഫലപ്രദമായ പരിഹാരം കാണാതെ തൃക്കുന്നപ്പുഴ പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പരീക്ഷണയോട്ടത്തിനായി പാലം അടച്ചതോടെ ജനം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. മിലിട്ടറി എൻജിനീയറിങ് സർവിസുമായി ബന്ധപ്പെട്ട് ഏനാത്ത് കല്ലടയാറിന് കുറുകെ സ്ഥാപിച്ചതുപോലെ ബെയ്ലി മോഡൽ പാലം സ്ഥാപിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു.
ജങ്കാറിനോടൊപ്പം കാൽനടക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും സഞ്ചരിക്കുന്നതിന് ആവശ്യമായ താൽക്കാലിക പാലം നിർമിക്കുമെന്ന ഉറപ്പും അധികൃതർ പാലിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പാലം പൊളിക്കുന്നതോടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ ഒറ്റപ്പെടും. ഈ സാഹചര്യത്തിൽ തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം 24 മണിക്കൂർ ആക്കണമെന്നും ഭരണ സമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശനിയാഴ്ച ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നടക്കുന്ന ജനകീയ കൂട്ടായ്മയുടെ ഉപരോധം രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. തെറ്റിദ്ധാരണ പരത്താൻ മാത്രമേ ഇത് ഉപകരിക്കൂ. പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സിയാർ തൃക്കുന്നപ്പുഴ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്. സുജിത്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ അമ്മിണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.