വീയപുരം ഇളകി; നാടെങ്ങും ആഹ്ലാദപ്രകടനം
text_fieldsഹരിപ്പാട്: ‘വീരു’വിന്റെ വിജയത്തിൽ വീയപുരം കരയിൽ ആഹ്ലാദം. തിരുവോണം നേരത്തേ എത്തിയതിന്റെ പ്രതീതിയാണ് ഇപ്പോൾ വീയപുരത്ത്.
പടക്കുതിരയെപ്പോലെ ഫിനിഷിങ് പോയന്റിലേക്ക് പാഞ്ഞുകയറിയ വീയപുരം ചുണ്ടന്റെ ത്രസിപ്പിക്കുന്ന മത്സരക്കാഴ്ച വള്ളംകളി പ്രേമികൾക്ക് അതിരറ്റ ആവേശമാണ് സമ്മാനിച്ചത്. പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ കൈക്കരുത്തിൽ നെഹ്റു ട്രോഫി ആദ്യമായി വീയപുരം കരയിൽ എത്തിയതോടെ കരക്കാർ ഇളകി മറിയുകയാണ്. വീയപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 13 വാർഡുകളിലെ ജനങ്ങളുടെ കളിയാവേശത്തിൽ നന്മ പ്രവാസി കുട്ടായ്മയുടെയും കരക്കാരുടെയും നേതൃത്വത്തിൽ 2019ൽ പണിതിറക്കിയ വീരു എന്ന വിളിപ്പേരുള്ള വള്ളം വീരനായി മാറിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
പി.ബി.സിയുടെ 85 തുഴക്കാരും അഞ്ച് അമരക്കാരും ഏഴ് നിലക്കാരും തുടർച്ചയായ നാല് വിജയത്തോടെ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വലിയൊരു വിജയം സ്വപ്നംകണ്ട് രാപ്പകലില്ലാതെ അധ്വാനിച്ച വീയപുരം ചുണ്ടൻ വള്ളസമിതിയുടെ രക്ഷാധികാരി പാപ്പച്ചനും പ്രസിഡന്റ് കോരുത് ജോണും സെക്രട്ടറി കെ.ആർ. രാജീവും ട്രഷറർ റഫീക്ക് എ.സമദിനും ഇത് അഭിമാന നിമിഷം. നെഹ്രുട്രോഫിക്കും അണിയറ ശിൽപികൾക്കും വീയപുരത്ത് വൻ വരവേൽപ് നൽകാനാണ് വള്ളസമിതിയും കരക്കാരും തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.