ഹെൽത്ത് കാർഡ് പരിശോധന: ഗുരുതര രോഗങ്ങൾ കണ്ടെത്തി
text_fieldsആലപ്പുഴ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡിനായി ജില്ലയിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര രോഗങ്ങൾ.
ഭക്ഷ്യസാധനങ്ങൾ കൈകാര്യംചെയ്യുന്ന ജീവനക്കാരിലാണ് ക്ഷയവും മന്തും ടൈഫോയ്ഡും അടക്കം സ്ഥിരീകരിച്ചത്. അന്തർസംസ്ഥാന തൊഴിലാളികളും തദ്ദേശീയരും ഇക്കൂട്ടത്തിലുണ്ട്.
രോഗം സ്ഥിരീകരിച്ചവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കി. സർട്ടിഫിക്കറ്റ് നൽകും മുമ്പ് അപേക്ഷകരെ ഡോക്ടർ നേരിട്ട് പരിശോധിക്കണമെന്ന വ്യവസ്ഥയിലാണ് കൂടുതൽ രോഗങ്ങൾ കണ്ടെത്തിയത്.
ശാരീരിക-കാഴ്ച-ത്വക്ക്-നഖം എന്നിവയുടെ പരിശോധന, രക്തപരിശോധന, ടൈഫോയ്ഡ്- ഹെപ്പൈറ്റൈറ്റിസ് എ നിർണയം, കഫം പരിശോധന, ടൈഫോയ്ഡ് വാക്സിനേഷൻ, വിര പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. നിലവിൽ രോഗം കണ്ടെത്തിയവർക്ക് ചികിത്സ നൽകിയശേഷം വീണ്ടും പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പിച്ചശേഷം സർട്ടിഫിക്കറ്റ് നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കുള്ള ‘ഹെൽത്ത് കാർഡ്’ ഈ മാസം ഒന്ന് മുതൽ നിർബന്ധമാക്കാനായിരുന്നു തീരുമാനം.
വ്യാപാരികളുടെ എതിർപ്പിനെത്തുടർന്ന് 16വരെ സമയം നീട്ടിനൽകുകയായിരുന്നു. ജില്ലയിൽ 2205 ലൈസൻസുള്ള സ്ഥാപനങ്ങളും രജിസ്ട്രേഷനുള്ള 26,713 സ്ഥാപനങ്ങളും ഉണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിൽ ഏകദേശം 50,000 തൊഴിലാളികളുണ്ട്.
ടൈഫോയ്ഡിനുള്ള വാക്സിൻ സർക്കാർ ആശുപത്രികളില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പുറത്തുനിന്ന് വാങ്ങുന്ന മരുന്നാണ് കുത്തിവെക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ 220 രൂപയാണ് വില. ഇത് ജീവനക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
ഹെൽത്ത് കാർഡിന്റെ കാലാവധി ഒരുവർഷം
ഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും വിൽപന നടത്തുന്നതുമായ സ്ഥാപനങ്ങളിലെ എല്ലാജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. ഒരുവർഷമാണ് ഇതിന്റെ കാലാവധി. ഹെൽത്ത് കാർഡിനായി ആദ്യഘട്ടത്തിൽ വിവിധ സംഘടനകൾ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. നിശ്ചിത തുക നൽകിയാൽ ജീവനക്കാർക്ക് ലാബ് പരിശോധന റിപ്പോർട്ടും ഡോക്ടറുടെ സർട്ടിഫിക്കറ്റും നൽകി. കാര്യമായ പരിശോധന കൂടാതെയാണിതെന്ന് ആക്ഷേപമുയർന്നതിന് പിന്നാലെയാണ് ഡോക്ടറുടെ സീലും മുദ്രയുമുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.