പകർച്ചവ്യാധി: പ്രതിരോധവുമായി ആരോഗ്യവകുപ്പ്
text_fieldsആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ഡെങ്കിപ്പനിയും മറ്റ് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്. ഇതുമായി ബന്ധപ്പെട്ട് എ.ഡി.എം എസ്.സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ഇന്റർ സെക്ടറൽ യോഗം ചേർന്നു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപിതമായ പരിശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
ആരോഗ്യജാഗ്രത കലണ്ടർ പ്രകാരം എല്ലാ വകുപ്പുകളും നിർദിഷ്ട പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും പ്രതിമാസ അവലോകനയോഗത്തിൽ ഇത് ചർച്ച ചെയ്യണമെന്നും എ.ഡി.എം നിർദേശിച്ചു. ഡെങ്കിദിനമായ ചൊവ്വാഴ്ച ആരോഗ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ ഡെങ്കി പ്രതിരോധ പ്രതിജ്ഞയും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തും.
ജില്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീളുന്ന ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. ഉറവിട നശീകരണത്തിന്റെ പ്രാധാന്യം, പൊതുജനങ്ങൾ പാലിക്കേണ്ട പ്രതിരോധ ശീലങ്ങൾ, ശരിയായ ചികിത്സയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ബോധവത്കരണ സന്ദേശമടങ്ങിയ ഫ്ലാഷ് മോബ്, മാജിക് ഷോ ബോധവത്കരണ റാലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ്, ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. കോശി പണിക്കർ, ജില്ല വെക്റ്റർബോൺ ഡിസീസ് കൺട്രോൾ ഓഫിസർ എസ്. സബിത, ഐ. ചിത്ര, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.