വേനൽ മഴയിൽ കനത്ത നഷ്ടം; ദുരിതത്തിൽ കർഷകർ
text_fieldsഹരിപ്പാട്: വേനൽമഴ വരുത്തിവെച്ച കൃഷി നാശത്തോടൊപ്പം കഷ്ടപ്പെട്ട് കൊയ്ത് കരക്കെത്തിച്ച നെല്ല് സംഭരിക്കാൻ വൈകുന്നത് കർഷകരെ ദുരിതത്തിലും സങ്കടത്തിലുമാക്കുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് വേനൽമഴ മൂലം ഉണ്ടായത്. പാടത്ത് വെള്ളം നിറഞ്ഞതോടെ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തും സാധ്യമല്ലാതായി.
തുടരുന്ന വേനൽ മഴമൂലം അപ്പർകുട്ടനാട്ടിലെ നെൽകർഷകർ കടുത്ത ദുരിതം പേറുകയാണ്. പല പാടങ്ങളിലും ഇനിയും കൊയ്ത്ത് അവസാനിച്ചിട്ടില്ല. ഹരിപ്പാട് സങ്കേതത്തും പാടത്തെ നൂറേക്കറോളം ഭാഗത്തെ കൊയ്ത്ത് ഇനിയും തീർന്നിട്ടില്ല. പകുതി കൊയ്ത്ത് കഴിഞ്ഞെങ്കിലും നെല്ല് പാടത്ത് കിടക്കുകയാണ്.
25 വർഷമായി കൃഷിയില്ലാതെ കിടന്ന സങ്കേതത്തും പടവ് പാടത്തെ നൂറേക്കറോളം ഭാഗത്ത് ഏറെ സാഹസപ്പെട്ട് കൃഷിയിറക്കിയവരാണ് വേനൽമഴയുടെ ദുരിതം ഏറെയും അനുഭവിക്കുന്നത്. ഇവരുടെ പ്രതീക്ഷയെല്ലാം വേനൽമഴയിൽ തകർന്നു. പകുതി ഭാഗത്തെ നെല്ലും മഴയിൽ വീണു. ദിവസങ്ങൾ കഴിഞ്ഞതിനാൽ നെല്ല് കിളിർത്തുതുടങ്ങി. യന്ത്രം ഉപയോഗിച്ച് പകുതിയോളം ഭാഗത്തെ നെല്ല് കൊയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും പാടത്ത് കിടക്കുകയാണ്.
സംഭരണം വൈകുന്നതാണ് കാരണം. ദിവസങ്ങളായി ഇവർ അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ്. ഒാരോ കാരണങ്ങൾ പറഞ്ഞ് സംഭരണം നീളുകയാണ്. തരിശുകിടന്ന് പാടമായതിനാൽ കൃഷിച്ചെലവ് ഏറെയായിരുന്നു. നല്ല വിളവ് കിട്ടിയെങ്കിലും വേനൽ മഴ ചതിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വീണ് കിടക്കുന്ന നെല്ല് പാടത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ യന്ത്രസഹായത്താൽ കൊയ്തെടുക്കാൻ കഴിയില്ല.
ഹരിപ്പാട് കൃഷി അസി. ഡയറക്ടർ ഓഫിസിനെ പരിധിയിലുള്ള പള്ളിപ്പാട് പഞ്ചായത്തിലെ 529 ഹെക്ടർ പാടത്ത് കൊയ്ത്ത് പൂർത്തിയാകാനുണ്ട്. 191 ഹെക്ടറിലെ കൊയ്ത്ത് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. 310 ടൺ നെൽ വിത്ത് സംഭരിക്കാനുണ്ട്. ഹരിപ്പാട് കൃഷിഭവൻ പരിധിയിലെ 79 ഹെക്ടറിലെ കൊയ്ത്താണ് അവശേഷിക്കുന്നത്. കൊയ്ത്ത് പൂർത്തിയായ പാടത്തെ നെല്ല് സംഭരണവും പൂർത്തിയായിട്ടില്ല. 250 ടൺ വിത്ത് സംഭരിക്കാതെ കിടക്കുകയാണ്. പള്ളിപ്പാട്ടെ വഴുതാനം പടിഞ്ഞാറ് തെക്ക് പാടം, താമരപുള്ളാടി പാടം പാടത്താണ് കൊയ്ത്ത് പ്രധാനമായും പൂർത്തിയാകാനുള്ളത്. വെള്ളത്തിലായ നെല്ല് പരമാവധി കൊയ്തെടുക്കാനുള്ള പരിശ്രമത്തിലാണ് കർഷകർ.
കർഷകരെ ചൂഷണം ചെയ്യാനുള്ള ശ്രമം നെല്ല് സംഭരണത്തിെൻറ മറവിൽ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. തങ്ങളുടെ നെല്ലുകൾ കാലതാമസം വരുത്താതെ കൊണ്ടുപോകാൻ മില്ലുകാരുടെ ഉപാധികൾ ഗതികേടുകൊണ്ട് അംഗീകരിച്ചു കൊടുക്കേണ്ടി വരുന്നതായും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.