കനത്ത മഴ; കുട്ടനാട് മുങ്ങുന്നു
text_fieldsആലപ്പുഴ: അതിതീവ്ര മഴയിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം. വ്യാപക മടവീഴ്ചയിൽ കനത്ത നാശം. കാവാലം പഞ്ചായത്തിലെ മാണിക്യമംഗലം പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. കൊയ്ത്ത് കഴിഞ്ഞ പാടമായതിനാൽ കൃഷിനാശമില്ല. ഇതിനൊപ്പം തീരദേശങ്ങളിൽ കടലാക്രമണം കനത്തനാശം വിതച്ചു. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ആലപ്പുഴയിലെത്തി. മൂന്ന് ഓഫിസർമാരടക്കം 23പേരാണ് സംഘത്തിലുള്ളത്.
ചേർത്തല, മാവേലിക്കര താലൂക്കുകളിലായി ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി വില്ലേജിൽ സെൻറ് ജോർജ് എൽ.പി സ്കൂളിൽ തുറന്ന ദുരിതാശ്വാസ കേന്ദ്രത്തിൽ എട്ട് കുടുംബങ്ങളിലായി ആകെ 15 പേർ ഉണ്ട്്. മാവേലിക്കരയിൽ താമരക്കുളം വില്ലേജിൽ ചതിയറ ഗവ. എൽ.പി സ്കൂളിൽ തുറന്ന ക്യാമ്പിൽ ഏഴ് കുടുംബങ്ങളിൽ നിന്നായി 21 പേരാണുള്ളത്.
പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. വീടുകളുടെ മുറ്റത്തും പറമ്പിലും വെള്ളം നിറഞ്ഞു. കിഴക്കൻ വെള്ളത്തിെൻറ വരവിനൊപ്പം തോരാത്തമഴയുമാണ് ദുരിതം ഇരട്ടിയാക്കിയത്. ഗ്രാമീണ റോഡുകളും വെള്ളത്തിൽ മുങ്ങി. പ്രധാന പാതയായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലും വെള്ളംകയറി. പുളിങ്കുന്ന് പഞ്ചായത്തിലെ അയ്യനാട് പാടശേഖരങ്ങളുടെ പരിധിയിൽപെടുന്ന 15,16 വാർഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
കോവിഡ് വ്യാപനത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനൊപ്പം നിരവധി വീടുകളിൽ കോവിഡ് രോഗികളും ക്വാറൻറീനിൽ കഴിയുന്നവർക്കും വെള്ളപ്പൊക്കം ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പലയിടത്തും മുട്ടറ്റത്തിന് മുകളിലാണ് വെള്ളം. കിഴക്കൻവെള്ളം ഒഴുകിയെത്തുന്നതോടെ ജലം വീട്ടിലേക്ക് ഇരച്ചുകയറുമെന്ന ആശങ്കയുണ്ട്.
അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിൽ കടൽക്ഷോഭം രൂക്ഷമാണ്. കടക്കരപ്പള്ളി, പട്ടണക്കാട്, അന്ധകാരനഴി, ഒറ്റമശ്ശേരി, ചേന്നവേലി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, നീർക്കുന്നം, പുറക്കാട് ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണമുണ്ടായി. നിരവധി വീടുകൾ അപകടാവസ്ഥയിലാണ്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന് തോട്ടപ്പള്ളി പൊഴി മുറിക്കൽ ജോലികൾ ആരംഭിച്ചു. എക്സ്കവേറ്റർ ഉപയോഗിച്ച് നിലവിലെ പൊഴിയിെല ചാല് കീറി വെള്ളം തുറന്നുവിടാനുള്ള സംവിധാനം ഒരുക്കിയതായി ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറുന്നതോടെ ഞായറാഴ്ച ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് ഇടയാക്കും. ആയതിനാൽ തീരദേശ മേഖലയിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കൺട്രോൾ റൂം തുറന്നു
ആലപ്പുഴ: ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിലെ എല്ലാ താലൂക്കിലും കലക്ടറേറ്റിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ആലപ്പുഴ കലക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ), താലൂക്ക്തല കൺട്രോൾ റൂം: ചേർത്തല: 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാർത്തികപ്പള്ളി: 0479 2412797, മാവേലിക്കര: 0479 2302216, ചെങ്ങന്നൂർ: 0479 2452334.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.