കനത്ത മഴയും വേലിയേറ്റവും പ്രതിസന്ധി കുട്ടനാട് ജലനിരപ്പ് ഉയരുന്നു; കർഷകർ ആശങ്കയിൽ
text_fieldsആലപ്പുഴ: കനത്ത മഴക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടനാട്-അപ്പർകുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയർന്നു. കർഷകർ ദുരിതത്തിൽ. മിക്ക പഞ്ചായത്തിലും ജലനിരപ്പ് അപകടനിലക്ക് മുകളിലെത്തി. ഇതിനൊപ്പം അതിശക്തമായ വേലിയേറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നു. പുറംബണ്ടുകളില്ലാത്ത പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. ചമ്പക്കുളം കൃഷിഭവന്റെ പരിധിയിൽ 340 ഏക്കറുള്ള ചെമ്പടി ചക്കംകരി പാടശേഖരത്തിലെ പുറംബണ്ടിൽ വിള്ളൽവീണ് (അള്ള ഇടിഞ്ഞ്) ബണ്ട് തകർന്നു.
കർഷകരുടെ ഒരുദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് മടവീഴാതെ സംരക്ഷണമുണ്ടായത്. രണ്ടാം കൃഷിക്കായി നിലമൊഴുക്കാൻ ജോലികൾ നടന്നുവരുന്നതിനിടെയാണ് ദുരവസ്ഥ.കഴിഞ്ഞദിവസം രാത്രിയാണ് പുറംബണ്ടിൽ വിള്ളൽ രൂപപ്പെട്ടത്. ശക്തമായ വെള്ളം തള്ളലിൽ അഞ്ച് മീറ്ററോളം വീതിയിൽ പുറംബണ്ട് ഇടിഞ്ഞു. ബണ്ട് കുത്തിയെടുക്കാൻ 50,000 രൂപക്ക് മുകളിൽ ചെലവായി. മടവീഴ്ച തടയാൻ സാധിച്ചതോടെ ഒട്ടേറെ വീടുകളും രണ്ട് പ്രധാന റോഡുകളും വെള്ളം കയറാതെ സംരക്ഷിക്കാനായി.
ശക്തമായ വേലിയേറ്റം നിലനിൽക്കുന്നതിനാൽ കൂടുതൽ ഷട്ടറുകൾ റെഗുലേറ്റ് ചെയ്ത് വെള്ളത്തിന്റെ ലവൽ ക്രമീകരിക്കണമെന്നും ബണ്ടുകുത്തി പാടശേഖരം സംരക്ഷിച്ചതിന് പാടശേഖരത്തിന് ചെലവായതുക സർക്കാർ നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.ചെറുതന കൃഷിഭവന്റെ കീഴിലള്ള പാണ്ടി ചെറുതുരുത്ത് പാടത്താണ് മട വീണത്. ബണ്ട് തകർന്ന് രണ്ടു മണിക്കൂറിനകംതന്നെ പാടത്ത് പകുതിയോളം വെള്ളം നിറഞ്ഞു. ഉടൻ കർഷകരും തൊഴിലാളികളും ചേർന്ന് മുളംകുറ്റി അടിച്ച് ചാക്കിൽ മണ്ണ് നിറച്ചും പാടത്തുനിന്ന് ചളി വാരിയിട്ടും ബണ്ട് പുനർനിർമിക്കുകയായിരുന്നു. വിത കഴിഞ്ഞ് 35 ദിവസം പിന്നിട്ട പാടത്താണ് മടവീഴ്ച ഉണ്ടായത്. കാവാലം, മങ്കൊമ്പ്, നെടുമുടി മേഖലയിൽ ജലനിരപ്പാണ് അപകടനിലക്ക് മുകളിലെത്തിയത്.
വേലിയേറ്റം പുഞ്ചകൃഷിക്ക് ഭീഷണി
ശക്തമായ വേലിയേറ്റം പുഞ്ചകൃഷിക്ക് ഭീഷണിയായി. പലയിടങ്ങളിലും ഒന്നാം വളപ്രയോഗം വരെ നടത്തിയിരുന്നു. തുടർച്ചയായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവുമാണ് കുട്ടനാട്-അപ്പർ കുട്ടനാടൻ പ്രദേശത്ത് ജലനിരപ്പ് ഉയരാൻ കാരണം. രണ്ടാഴ്ച മുമ്പ് വെള്ളം ഉയർന്ന് പല പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായിരുന്നു. വീണ്ടും അപ്രതീക്ഷിതമായി ജലനിരപ്പ് അപകടനിലക്ക് മുകളിലെത്തി. ഇതോടെ, നെൽകൃഷിയിറക്കുന്ന പാടശേഖരങ്ങളിലെ കർഷകരാണ് ദുരിതത്തിലായത്. ഒരു പാടശേഖരത്തിൽ മട വീഴുകയും ദുർബലമായ പുറംബണ്ടുകളുള്ള മറ്റ് പാടശേഖരങ്ങൾ മട വീഴ്ച ഭീഷണിയിലുമാണ്.
പുറംബണ്ടുകൾ കവിഞ്ഞും മറ്റും വെള്ളം പാടശേഖരത്തിലേക്ക് കയറുന്നതിനാൽ വിത പൂർത്തിയാക്കിയ പാടശേഖരങ്ങളിലെ വിതച്ച നെല്ല് നാശത്തിന്റെ വക്കിലാണ്. പുറം ജലാശയത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ പെട്ടിമട തള്ളിപ്പോയി മടവീഴാനുള്ള സാധ്യത ഏറെയാണ്. സുഗമമായി പമ്പിങ് നടത്താൻ സാധിക്കുന്നില്ല. ശക്തമായ വേലിയേറ്റം തുടരുന്നതിനാൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ പൂർണമായി തുറക്കാനും അടക്കാനുമുള്ള സംവിധാനം ഒരുക്കിയാൽ മാത്രമേ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതത്തിന് ശമനമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.