സ്കൂൾ വിപണിയിൽ യൂനിഫോം തുണിത്തരങ്ങൾക്ക് പൊള്ളുംവില
text_fieldsപി.എസ്. താജുദ്ദീൻ
ആലപ്പുഴ: സ്കൂൾ വിപണിയിൽ വിലക്കറ്റമാണ് ചിറകടിച്ച് പറക്കുന്നത്. പേനയും പെൻസിലും ബുക്കും അടക്കമുള്ള പഠനോപകരണങ്ങൾക്ക് 20 ശതമാനം മുതൽ വിലകൂടിയിട്ടുണ്ട്. കടംവാങ്ങിയും പൊന്നോമനകളെ സ്കൂളിൽവിടാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് രക്ഷിതാക്കൾ. യൂനിഫോം തുണിത്തരങ്ങൾക്ക് പൊള്ളുംവിലയാണ്.
സ്വകാര്യ സ്കൂളുകൾ തൈച്ചാണ് യൂനിഫോം നൽകുന്നത്. ഇതിന് 2000 മുതൽ 4000 രൂപയോളം ചെലവുവരും. പ്ലാസ്റ്റിക് പെൻസിൽ ബോക്സിന് 70 മുതൽ 150രൂപ വരെ നൽകണം. ചോറ്റുപാത്രത്തിനും വാട്ടർബോട്ടിലിനും വിലകൂടിയിട്ടുണ്ട്.
കമ്പനികളുടെ നോട്ട് ബുക്ക്, പെൻസിൽ, റബർ, ഷാർഷർ അടക്കമുള്ളവക്ക് നേരിയ വർധനയുണ്ട്. ചെരിപ്പ്, ഷൂസ് അടക്കമുള്ളവക്ക് പിന്നെയും തുക കണ്ടെത്തേണ്ടിവരും. ബജറ്റിന് ഒതുങ്ങുന്ന സാധനങ്ങൾ തെരഞ്ഞെടുത്താണ് മാർക്കറ്റിൽനിന്ന് പലരുടെയും മടക്കം.
ബാഗുകളിൽ നിറയെ ‘കാർട്ടൂൺ’
സ്കൂൾ വിപണിയിൽ വൈവിധ്യമാർന്ന ബാഗുകളിലും കുടകളിലും ഇക്കുറിയും മിന്നിതിളങ്ങുന്നത് കാർട്ടൂൺ കഥാപാത്രങ്ങൾ. ഫാൻസി ബാഗുകളിൽ കുട്ടികളുടെ സൂപ്പർ ഹീറോകളായ കാർട്ടൂൺ താരങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. ഓൺലൈനിൽ പുതിയ ട്രെൻഡ് കണ്ടെത്തിയാണ് വിൽപന. ബ്രാൻഡഡ് കമ്പനികളുടെ ഉൽപന്നങ്ങൾക്കാണ് വിലകൂടുതൽ. ചില വ്യാപാരസ്ഥാപനങ്ങളിൽ കോംബോ ഓഫറുകളുമുണ്ട്.
കാർട്ടൂൺ ചിത്രങ്ങളുടെ സ്കൂൾബാഗും പൗച്ചും ലഞ്ച് കിറ്റും ഉൾപ്പെടെയാണ് നൽകുന്നത്. ബാഗിന് 650 രൂപ മുതലാണ് വില. പൗച്ചിന് 75 രൂപയും ലഞ്ച് ബാഗിന് 250 രൂപയുമാണ് വില. പ്രാദേശികമായി നിർമിക്കുന്ന ബാഗുകൾക്ക് 350 മുതൽ 550 രൂപവരെയാണ് വില.
വിൽപനക്കായി വിലകുറഞ്ഞ ചൈനീസ് ബാഗുകളുമുണ്ട്. ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളായ സ്പൈഡർമാൻ, ഡോറ, ബെൻടെൻ, ബാർബി, ആംഗ്രി ബേർഡ്, മിക്കിമൗസ്, ചോട്ടാഭീം, അവഞ്ചർ, ടോം ആൻഡ് ജെറി, പിക്കാച്ചു, ഹലോ കിറ്റി തുടങ്ങിയ ചിത്രങ്ങളോടുകുടിയ ബാഗുകൾക്കാണ് പ്രിയം.
സ്റ്റീൽ ബോട്ടിലുകൾക്ക് പ്രിയം
പ്ലാസ്റ്റികിനോട് ‘നോ’ പറഞ്ഞ് സ്റ്റീൽ ബോട്ടിലുകൾക്കാണ് ഇക്കുറി പ്രിയം. വാങ്ങാനെത്തുന്ന പലരും ആവശ്യപ്പെടുന്നത് സ്റ്റീൽ ബോട്ടിലുകളാണെന്ന് കച്ചവടക്കാർ പറയുന്നു. സീറ്റിൽ ബോട്ടലിന് 250 രൂപക്ക് മുകളിലാണ് വില. ഇതിനൊപ്പം ചൂട് നിലനിൽക്കുന്നതടക്കം സ്റ്റീൽ ലഞ്ച് ബോക്സുകളുമുണ്ട്. വെള്ളക്കുപ്പി മുതൽ പെൻസിൽ വരെയുള്ള സാധനങ്ങൾക്ക് പുതുമയുണ്ട്. ചോറ്റുപാത്രത്തിന്റെ വലിപ്പവും ഗുണമേന്മയും അനുസരിച്ചാണ് വിലയിൽ മാറ്റം. ലഞ്ച് കിറ്റ്, ഇന്സ്ട്രമെന്റ് ബോക്സ്, സാധാരണ ബോക്സ്, പൗച്ച് തുടങ്ങി കുട്ടികളുടെ പ്രിയപ്പെട്ടവയെല്ലാം വിപണിയിലുണ്ട്.
പരീക്ഷണമില്ലാതെ ‘കുടകൾ’
സ്കൂൾ വിപണിയിൽ പുത്തൻപരീക്ഷണവും പരസ്യവും നൽകിയാണ് പ്രമുഖകമ്പനികൾ ‘കുട’യുടെ വരവും വിൽപനയും കവർന്നെടുക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ അപ്രതീക്ഷിത ക്ഷാമത്തിൽ ഇക്കുറി കാര്യമായ ഉൽപാദനം നടന്നില്ല. അതിനാൽ വ്യത്യസ്ത പുലർത്തുന്ന പുത്തൻകുടകൾ വിപണിയിൽ ഇറക്കാനായില്ല.
കുട്ടികളെ ആകർഷിക്കുന്ന വിവിധങ്ങളായ കാർട്ടൂൺ കഥാപാത്രങ്ങൾ കുടയിലൊളിപ്പിച്ചും വർണങ്ങൾ നിറച്ചും പഴയരീതിയിലെ കുടകൾ തന്നെയാണ് വിൽപനക്കുള്ളത്. ചൈനീസ് കുടകൾ ഒഴിച്ച് ബാക്കിയെല്ലാം മിക്കയിടത്തും പഴയ സ്റ്റോക്കാണ്.
പ്രമുഖ കമ്പനികളുടെ വർണക്കുടകൾക്ക് 300 രൂപ മുതൽ 400 രൂപവരെയാണ് വില. ചൈനീസ് കുടകൾ 200 മുതൽ 250രൂപ വരെ നൽകണം. 430 മുതൽ ത്രീഫോർഡ് മുതൽ ഫൈവ് ഫോർഡുവരെയുണ്ട്. അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് കുടവിപണിയെ ബാധിച്ചത്. അതിനാൽ കടക്കാർ ആവശ്യപ്പെടുന്നതിന്റെ 10 ശതമാനം കുടകൾ മാത്രമേ കമ്പനികൾക്ക് നൽകാനാകുന്നുള്ളൂ.
കമ്പി, തുണി, പിടി തുടങ്ങിയവയുടെ ഇറക്കുമതിയും നിർമാണത്തെ ബാധിച്ചു. ചൈന, തായ്വാൻ, ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് നിർമാണ സാധനങ്ങൾ എത്തുന്നത്. കാലവർഷം കനത്താൽ നഷ്ടമായ കച്ചവടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കുടക്കൊപ്പം വ്യത്യസ്ത നിറങ്ങളിൽ ആകർഷമായ റെയിൻകോട്ടുമുണ്ട്.
കുട്ടി ഹെൽമറ്റ് പുതിയതാരം
ആലപ്പുഴ: സ്കൂൾ തുറക്കുമ്പോൾ ബാഗും കുടയും പഠനോപകരണങ്ങൾക്കുമൊപ്പം ചേർന്നുനിൽക്കുന്ന കുട്ടിഹെൽമറ്റാണ് പുതിയതാരം. ഇരുചക്ര വാഹനയാത്രയിൽ കുട്ടിയുടെ സുരക്ഷകൂടി കണക്കിലെടുത്ത് വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എ.ഐ കാമറയുടെ വരവിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതോടെയാണ് ആവശ്യക്കാർ വർധിച്ചത്.
മൂന്ന് വയസ്സ് മുതൽ മുതിർന്ന വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഹെൽമറ്റുകൾ ലഭ്യമാണ്. വില 750 മുതലാണ് തുടക്കം. കുട്ടികൾക്ക് ആകർഷകമായ വിവിധനിറത്തിനൊപ്പം ടോം ആൻഡ് ജെറി, ആംഗ്രിബേർഡ് അടക്കമുള്ള വിവിധ കാർട്ടൂൺ ചിത്രങ്ങൾ പതിച്ച ഫാഫ് ഫെയ്സ്, ഫുൾ ഫെയ്സ് ഹെൽമറ്റുകളാണ് വിൽപനക്കുള്ളത്. വെള്ള, കറുപ്പ്, പച്ച, നീല, ചുവപ്പ്, മഞ്ഞ, പിങ്ക്, ചാര അടക്കമുള്ള നിറങ്ങളിൽ ആകർഷകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.