38 ഡിഗ്രി സെൽഷ്യസ്; ചുട്ടുപൊള്ളി ആലപ്പുഴ
text_fieldsആലപ്പുഴ: ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ട ദിവസമായി ഞായറാഴ്ച. 38 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോഡ് ചൂടാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയത്. 1987 ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
അമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചമ്പക്കുളം, ചെങ്ങന്നൂർ, ഹരിപ്പാട്, കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി, വെളിയനാട് തുടങ്ങിയ സ്ഥലങ്ങളിൽ സമാനചൂടാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില ഉയർന്നുതന്നെയായിരുന്നു. ആലപ്പുഴയിൽ സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിലും താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഉയർന്ന ആർദ്രത ഉള്ളതിനാൽ ചൂടുമാപിനി രേഖപ്പെടുത്തുന്നതിനെക്കാൾ മൂന്ന് ഡിഗ്രിയോളം കൂടിയ ചൂടാകും ശരീരത്തിന് അനുഭവപ്പെടുക.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനത്തെപോലും ഗണ്യമായി കുറക്കാൻ കാരണമായത് അതികഠിനമായ ചൂട് തന്നെയായിരുന്നു. പോളിങ് ബൂത്തുകളിൽ കുടിവെള്ളം അടക്കമുള്ള സംവിധാനങ്ങൾ അധികൃതർ ഒരുക്കിയെങ്കിലും വെയിലേറ്റ് ക്യൂനിന്നവർക്ക് തണലേകാൻ പലയിടത്തും സംവിധാനമുണ്ടായില്ല. ബൂത്തിന്റെ പുറത്തേക്ക് വോട്ടർമാരുടെ നീണ്ടനിര നീങ്ങിയത് വെയിലേക്കായിരുന്നു. നീണ്ടകാത്തിരിപ്പിൽ കുഴഞ്ഞുവീണവരുമുണ്ട്. തെരഞ്ഞെടുപ്പിൽ ജയിച്ചുവരാൻ വേനൽചൂടിൽ ഇരട്ടി വിയർപ്പൊഴുക്കേണ്ടി വന്ന സ്ഥാനാർഥികളും പാർട്ടികളും ചൂടിന്റെ കാര്യം മാത്രം വേണ്ടത്ര ശ്രദ്ധിച്ചില്ല. പോളിങ് കുറവിന്റെ കാരണംതേടിയപ്പോഴാണ് ചൂടിന്റെ കാഠിന്യവും ചർച്ചയായത്.സൂര്യൻ തലക്ക് മുന്നിൽ കത്തിനിൽക്കുമ്പോഴായിരുന്നു പലയിടത്തും പോളിങ് ആവേശം നിറഞ്ഞത്.
വെയിലത്ത് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്. മുൻവർഷങ്ങളെക്കാൾ ശരാശരി 1.5 ഡിഗ്രിയുടെ വർധനയാണ് ഈവർഷമുണ്ടായത്. രാത്രിയിലെ താപനില 2.2 ഡിഗ്രി കൂടുകയും ചെയ്തു. ഇതോടെ പകലും രാത്രിയും കനത്ത ചൂട് അനുഭവപ്പെടുന്ന സ്ഥിതിയാണ്.
ചൂട് കനത്തതോടെ കുട്ടികൾ, പ്രായമായവർ അടക്കമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. കഠിന ചൂടുമൂലം ക്ഷീണം, തളർച്ച എന്നിവയുണ്ടാകാം. ശരീരത്തിൽ ജലാംശം, ലവണാംശം തുടങ്ങിയവ നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കണം. സംഭാരം, ലസ്സി, ഉപ്പിട്ട് നാരങ്ങാവെള്ളം, ഉപ്പിട്ട് കഞ്ഞിവെള്ളം തുടങ്ങിയവയാണ് ഏറ്റവുംനല്ലത്. ദിവസവും ഉച്ചക്ക് മുമ്പ് ഇവയിലേതെങ്കിലും കുടിക്കുന്നത് ശരീരത്തിൽ സോഡിയത്തിന്റെ അംശം നിലനിർത്തുന്നതിന് സഹായിക്കും. വീട്ടിലും പുറത്തും കടക്കാനാവാത്തവിധം അന്തരീക്ഷ താപനില ഉയർന്നതോടെ പുറം ജോലികളിൽ ഏർപ്പെട്ടവരും ദുരിതത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.