കയര്‍ മേഖലയില്‍ സമഗ്ര മാറ്റം അനിവാര്യം -മന്ത്രി പി. രാജീവ്
text_fieldsആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് സുഗമമായി മുന്നോട്ടുപോകാൻ സമഗ്ര മാറ്റം അനിവാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കയർ സഹകരണ സംഘങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്റെയും മറ്റ് ധനസഹായങ്ങളുടെയും വിതരണോദ്ഘാടനം ആലപ്പുഴ കയർ കോര്പറേഷൻ ഓഫിസിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി പരിഹരിക്കാൻ കയർ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉറപ്പാക്കിയുള്ള പദ്ധതികളാണ് സര്‍ക്കാർ മുന്നോട്ടുവെക്കുന്നത്. സര്‍ക്കാർ ചെലവഴിക്കുന്ന തുകക്ക് ആനുപാതികമായ മാറ്റം തൊഴിലാളികളുടെ ജീവിതത്തിൽ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിന് മാറ്റം വന്നേ തീരൂ. കഴിഞ്ഞ സര്‍ക്കാർ നടപ്പാക്കിയ രണ്ടാം പുനഃസംഘടന വലിയ മാറ്റത്തിന് വഴിതെളിച്ചു. ചകിരിയുടെയും കയറിന്റെയും ഉൽപാദനം വര്‍ധിച്ചു.
തൊഴിലാളികളുടെ വരുമാനം ഉയര്‍ന്നു. സൊസൈറ്റികൾ പ്രതിസന്ധിയിൽനിന്ന് കരകയറിത്തുടങ്ങി. രണ്ടാം പുനഃസംഘടനയുടെ തുടര്‍ച്ചയെന്നോണം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുണ്ട്. ഉൽപാദനച്ചെലവ് കുറക്കാനും ഗുണനിലവാരം ഉയര്‍ത്താനും വൈവിധ്യവത്കരണം ഫലപ്രദമായി നടപ്പാക്കാനും സാധിച്ചാൽ മാത്രമേ കയർ മേഖലക്ക് ഗണ്യമായ മുന്നേറ്റം നടത്താൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ കൗണ്‍സിലർ അഡ്വ. റീഗോ രാജു, കയർ വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിന്‍ഹ, ഡയറക്ടർ വി.ആര്. വിനോദ്, കയർ കോര്പറേഷന് ചെയര്മാന് ജി. വേണുഗോപാല്‍, കയര്‍ഫെഡ് പ്രസിഡന്റ് അഡ്വ. എന്‍. സായികുമാര്‍, കെ.എസ്.സി.എം.എം.സി ചെയര്മാന് എം.എച്ച്. റഷീദ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ. ഗണേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.