വീടുകളിലെ സൗരോർജ പ്ലാൻറ് പദ്ധതി വിപുലപ്പെടുത്തും
text_fieldsആലപ്പുഴ: ആഭ്യന്തര വൈദ്യുേതാൽപാദനം വളരെ കുറവായ സാഹചര്യത്തിൽ സൗരോർജ പദ്ധതികളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ. ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാകുന്നതിലുണ്ടാകുന്ന കാലതാമസവും നൂലാമാലകളും കണക്കിലെടുത്താണ് സൗരോർജ സാധ്യതകൾ ഉപയോഗപ്പെടുത്താൻ വൈദ്യുതി ബോർഡ് പദ്ധതി തയാറാക്കിയത്.
വീടുകളിൽ സൗരോജ പ്ലാൻറുകൾ സ്ഥാപിച്ചും സർക്കാർ സ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ സാധ്യമാക്കിയും വൈദ്യുതി ലഭ്യത വർധിപ്പിക്കുന്നതിനാണ് മുൻഗണന. 2022ൽ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് മാത്രം 60 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം. 1726 സ്ഥാപനത്തിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ പ്രാരംഭ നടപടികളായി. ബോർഡിെൻറ സ്വന്തം കെട്ടിടങ്ങൾ കൂടാതെ സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, ജയിൽ വകുപ്പ് കെട്ടിടങ്ങൾ, പഞ്ചായത്ത് ഒാഫിസുകൾ, പോളിടെക്നിക്കുകൾ എന്നിവ ഇതിന് ഉപയോഗിക്കും. ഇതിൽ 195 എണ്ണം ജൂണിൽ പൂർത്തിയാകും.
കെ.എസ്.ഇ.ബിയുടെ ചെലവിൽ സ്ഥാപിക്കുന്ന വലിയ നിലയങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനംവരെ വിഹിതം അതത് സ്ഥാപനങ്ങൾക്ക് ലഭിക്കും. അല്ലെങ്കിൽ നിശ്ചിത യൂനിറ്റ് വൈദ്യുതി നിശ്ചിത നിരക്കിൽ 25 വർഷംവരെ ഇൗ സ്ഥാപനങ്ങൾക്ക് നൽകും. സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തം ചെലവിൽ കെ.എസ്.ഇ.ബി മേൽനോട്ടത്തിൽ നിലയങ്ങൾ സ്ഥാപിക്കാനും കഴിയും. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എന്തു ചെയ്യണമെന്ന് സ്ഥാപനത്തിന് തീരുമാനിക്കാം.
വീടുകളിൽ സൗരോർജ പ്ലാൻറുകൾ സ്ഥാപിച്ച് 250 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യം. വീട്ടാവശ്യം കഴിച്ചുള്ളത് വൈദ്യുതി ബോർഡിന് നൽകാവുന്ന രീതിയിലാണ് ഇൗ പദ്ധതി. 75,000 വീടാണ് തൽക്കാലം ലക്ഷ്യം. അപേക്ഷകർക്ക് ആകെ ചെലവിെൻറ 40 ശതമാനംവരെ കേന്ദ്ര സബ്സിഡിയായി ലഭിക്കുന്നതിന് പദ്ധതിയുണ്ട്. ഇതുവരെ 19,000 വീടുകളിൽ സൗരോർജ പ്ലാൻറുകൾ സ്ഥാപിക്കാനായെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.