ആശുപത്രി ഡ്യൂട്ടി മുറിയില്‍ കയറി വിഡിയോ പകർത്തി; പിതാവിനും മകള്‍ക്കുമെതിരെ കേസ്
text_fieldsആലപ്പുഴ: വനിത-ശിശു ആശുപത്രിയിൽ ജീവനക്കാരുടെ ഡ്യൂട്ടി മുറിയില്‍ കയറി വിഡിയോ പകർത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പിതാവിനും മകള്‍ക്കുമെതിരെ സൗത്ത് പൊലീസ് കേസെടുത്തു. വാടയ്ക്കൽ പണിക്കശ്ശേരിയിൽ ഷിജു വിശ്വനാഥ് (55), മകൾ നിഖിത അശ്വിനിനാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, നാലു മാസമായ കുട്ടിക്ക് കുത്തിവെപ്പ് നൽകാൻ ഞരമ്പ് ലഭിക്കാതെ വന്നതോടെ ആറുതവണ കുത്തുകയും രക്തം വരുകയും ചെയ്ത സാഹചര്യത്തിൽ ചോദ്യം ചെയ്തതിനെ തുടർന്ന് നഴ്സുമാർ മോശമായി പെരുമാറിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലെത്തിയ സൗത്ത് പൊലീസ് തന്റെ കൈയിൽ പിടിച്ച് വലിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും തടയാൻ ശ്രമിച്ചപ്പോൾ തട്ടിമാറ്റുകയും ചെയ്തുവെന്ന് കാണിച്ച് നിഖിത അശ്വിനിനാഥ് ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.
ശനിയാഴ്ച രാത്രിയാണ് നിഖിതയുടെ കുഞ്ഞിനെ കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. പലതവണ കുത്തിവെപ്പെടുക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. പിന്നീട് തന്നെ പുറത്ത് നിർത്തിയശേഷം നഴ്സുമാർ കുഞ്ഞിന് ഐ.സി.യുവിൽ ഇൻജക്ഷനെടുക്കാൻ കൊണ്ടുപോയി. കുട്ടിയുടെ നിര്‍ത്താതുള്ള കരച്ചിൽ കേട്ട് അകത്ത് കയറിയപ്പോൾ കുട്ടിയുടെ കാലിൽനിന്ന് രക്തം വരുന്നതായി കണ്ടുവെന്ന് നിഖിത പറയുന്നു. എന്നാൽ നിഖിതയുടെ പിതാവ് ഡ്യൂട്ടി മുറിയില്‍ കയറി അലമാരയടക്കം തുറന്ന് വിഡിയോ എടുക്കാൻ ശ്രമിച്ചുവെന്നാണ് ആശുപത്രി അധികൃതർ പരാതിപ്പെടുന്നത്. തിങ്കളാഴ്ച ആശുപത്രി സൂപ്രണ്ടുമായി കുടുംബം സംസാരിച്ച് പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിച്ചിരുന്നു. എന്നാൽ, അന്ന് വൈകീട്ട് വീണ്ടും യുവതിയും ആശുപത്രി സ്റ്റാഫും തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് നഴ്സസ് അസോസിയേഷന്റെ പരാതി ആശുപത്രി സൂപ്രണ്ട് ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറിയത്. കടപ്പുറം വനിത ശിശു ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയ സാഹചര്യത്തിൽ ബില്ലിങ് കൗണ്ടറിൽ നിൽക്കെയാണ് സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് നിഖിതയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.