കുട്ടിയുടെ തുടയിൽ സൂചി കയറിയ സംഭവം; 14 വർഷം തുടർനിരീക്ഷണം വേണമെന്നതിന് അടിസ്ഥാനമില്ലെന്ന് വിദഗ്ധ സമിതി
text_fieldsആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ജൂലൈ 19ന് ചികിത്സക്കെത്തിയ കുട്ടിയുടെ തുടയിൽ അത്യാഹിത വിഭാഗത്തിലെ കിടക്കയിൽ നിന്ന് യാദൃശ്ചികമായി സൂചി തുളച്ചു കയറിയതിനെത്തുടർന്ന് 14 വർഷം വരെ എച്ച്.ഐ.വി അണുബാധ സംബന്ധിച്ച് തുടർ നിരീക്ഷണം വേണമെന്ന് നിർദേശിച്ചു എന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി.
സംഭവത്തെക്കുറിച്ച് ആശങ്കയുണ്ടായ സാഹചര്യത്തിലാണ് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസിന്റെ നേതൃത്വത്തിൽ അടിയന്തര വിദഗ്ധസമിതി കൂടി സ്ഥിതിഗതികൾ വിലയിരുത്തിയത്.
കുട്ടിയുടെ ശരീരത്തിൽ കയറിയ സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് സാധാരണഗതിയിൽ ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗ സാധ്യത ആണ് കൽപ്പിക്കാൻ കഴിയുന്നത്.
എങ്കിൽ പോലും ഉപരി പരിശോധനയിലൂടെ അടിയന്തിരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രക്ത പരിശോധനയിൽ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് മുഖേന കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കട്ടപിടിച്ച് പഴകിയ രക്തത്തിൽ നിന്നും എച്ച്.ഐ.വി അണുബാധ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
കോട്ടയം ഗവ. മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. ജൂബി ജോൺ, ആരോഗ്യവകുപ്പ് ജില്ല സർവൈലൻസ് ഓഫിസർ ഡോ. എസ്.ആർ. ദിലീപ് കുമാർ, ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളജ് ആന്റി റിട്രോ വൈറൽ മെഡിക്കൽ ഓഫിസർ ഡോ. ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയർ ശിശുരോഗ വിദഗ്ധ ഡോ. ശാന്തി, മാവേലിക്കര ജില്ല ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. പ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് കാര്യങ്ങൾ പരിശോധിച്ചത്.
ആശുപത്രി കിടക്കയിൽ ഉപയോഗിച്ച സൂചി കിടന്നത് സംഭവിക്കാൻ പാടില്ലാത്ത പിഴവാണ്. ഇത്തരം സാഹചര്യം ഉണ്ടാക്കാൻ ഇടയാക്കിയെന്ന് കരുതാവുന്ന ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഡി.എം.ഒ. അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.