മതിയായ ചികിത്സയില്ല; ആശുപത്രിക്ക് ‘കാവൽ’ പൊളിയാറായ കെട്ടിടങ്ങൾ
text_fieldsആലപ്പുഴ: ജനറൽ ആശുപത്രിയെന്ന നിലയിൽ രോഗികൾക്ക് മതിയായ ചികിത്സ കിട്ടാത്തതാണ് പ്രധാന പ്രശ്നം. കോവിഡാനന്തരം രോഗികളുടെ കുത്തൊഴുക്കുണ്ടായിട്ടും ഡോക്ടർമാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ചില്ല.
നിലവിൽ 56 ഡോക്ടർമാരുണ്ട്. മെഡിസിൻ വിഭാഗത്തിൽ രണ്ട് ഫിസിഷ്യൻമാർ മാത്രമാണുള്ളത്. നെഫ്രോളജി ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം. പൂർണതോതിൽ സജ്ജമാകാൻ ജൂനിയർ കൺസൾട്ടന്‍റ് അടക്കം മൂന്ന് പോസ്റ്റ് ഇനിയും വേണം. മെഡിസിൻ, സർജറി, ഓർത്തോ, കണ്ണ്, പീഡിയാട്രി, ഫിസിക്കൽ മെഡിസിൻ, ഓങ്കോളജി, ഡെന്‍റൽ, സ്കിൻ, പൾമനറി, ഇ.എൻ.ടി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ മെഡിസിന് രണ്ടും സർജറിക്ക് ഒരു വാർഡുമാണുള്ളത്.
ഇ.എൻ.ടിയും ഡെന്‍റലിനും സ്കിനിനും ഒ.പി മാത്രമാണുള്ളത്. താലൂക്ക് ആശുപത്രിയിൽപോലും ‘ഗൈനക്കോളജി’ വിഭാഗം സജീവമായി പ്രവർത്തിക്കുമ്പോൾ ഈ വിഭാഗമില്ലാത്ത കേരളത്തിലെ ഏക ജനറൽ ആശുപത്രിയാണിത്. മെഡിക്കൽ കോളജിനായി പിഴുതുമാറ്റിയ ഗ്യാസ്ട്രോളജി, ന്യൂറോളജി അടക്കമുള്ള വിഭാഗങ്ങൾ ഇനിയും തിരിച്ചെത്തിയിട്ടില്ല.
യൂറോളജി വിഭാഗത്തിലെ ഡോക്ടർ സ്ഥലംമാറിയിട്ട് പകരം ആളെത്തിയിട്ടില്ല. പേരിനുമാത്രം പ്രവർത്തിക്കുന്ന കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. ആഴ്ചയിൽ ഒരുദിവസമാണ് ഈ ഡോക്ടറുടെ സേവനം കിട്ടുന്നത്.
ന്യൂറോളജി വിഭാഗത്തിലും സമാനസ്ഥിതിയാണ്. 400 കിടക്ക ഉണ്ടെങ്കിലും 120 എണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. ബലക്ഷയം നേരിടുന്ന പഴയ കെട്ടിടത്തിൽനിന്ന് ദിനംപ്രതി കിടത്തിച്ചികിത്സ അപ്രത്യക്ഷമാവുകയാണ്. മെഡിക്കൽ കോളജായിരുന്നപ്പോൾ ഉണ്ടായിരുന്ന 21ൽ അവശേഷിക്കുന്നത് 10 വാർഡാണ്.
ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയാക്കി ഉയർത്തുമ്പോൾ എല്ലാ വിഭാവും തിരിച്ചുവരുമെന്നായിരുന്നു സർക്കാറിന്‍റെ പ്രഖ്യാപനം. സർജറി വാർഡ് ഉൾപ്പെടെ പലതിന്റെയും കെട്ടിടഭാഗങ്ങൾ തകർന്നു. രക്തബാങ്ക്, കാത്ത്ലാബ് തുടങ്ങിയവയുടെ പണികൾ തുടങ്ങിയിട്ട് നാളേറെയായി.
പ്രധാന ഓപറേഷൻ തിയറ്ററിന്റെ പ്രവർത്തനം നിലച്ചിട്ട് മൂന്നുവർഷത്തിലേറെയായി. ട്രോമാകെയർ യൂനിറ്റിന്റെ ചെറിയ തിയറ്ററിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ജീവനക്കാരുടെ അഭാവത്തിൽ ട്രോമാകെയർ യൂനിറ്റ് പ്രവർത്തനം ഇനിയും തുടങ്ങിയിട്ടില്ല. ജില്ലയിലെ പ്രധാന ആശുപത്രിയെന്ന നിലയിൽ സർക്കാർ ആവിഷ്കരിക്കുന്ന പല പുതിയ പദ്ധതികളും ആദ്യമെത്തുന്നത് ഇവിടെയാണ്. എന്നാൽ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവത്തിൽ പുതിയ പ്രോജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നില്ല.
പലയിടത്തും മരുന്നില്ല; എല്ലാം പുറത്തുനിന്ന്
സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്കെല്ലാം പുറത്തേക്കാണ് മരുന്ന് കുറിച്ചുനൽകുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലുൾപ്പെടെ മരുന്നുക്ഷാമം തുടരുകയാണ്. ആന്റിബയോട്ടിക്കുകളും കുട്ടികളുടെ മരുന്നുകൾക്കുമാണ് ക്ഷാമം. കോവിഡുകാലത്ത് ഉപയോഗം കുറവായതിനാൽ വിവിധയിനം മരുന്നുകൾ കാലാവധി കഴിഞ്ഞ് പാഴായിപ്പോയിരുന്നു. ഇതൊഴിവാക്കാൻ ഇക്കുറി ഓർഡർ കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പലരും ലോക്കൽ പർച്ചേസിലൂടെയാണ് മരുന്നുകൾ വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പല ആശുപത്രികളിലും ലോക്കൽ പർച്ചേസിനും കഴിയാത്ത സ്ഥിതിയാണ്. ഡിസംബറിൽ നൽകിയ പട്ടികയിൽ ക്ഷാമമുള്ള നൂറിലധികം ഇനം മരുന്നുകളാണുള്ളത്. അത്യാവശ്യം വേണ്ട മരുന്നുകളുടെ മാത്രം വിവരങ്ങൾ ഉൾക്കൊള്ളിച്ച് പട്ടികചുരുക്കാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശം. ചുരുങ്ങിയത് അമ്പതിനം മരുന്നുകൾ ജില്ലയിൽ അത്യാവശ്യമാണെന്നാണ് വിവരം.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുമായി ചികിത്സതേടുന്നവർക്ക് കാരുണ്യ ഫാർമസിയിൽനിന്ന് മരുന്ന് കിട്ടാറില്ല. നേരത്തേ മരുന്ന് വിതരണം ചെയ്തതിലെ സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന് പറയപ്പെടുന്നു. ഇതിനാൽ പല രോഗികൾക്കും സ്വന്തം പോക്കറ്റിൽനിന്ന് പണം നഷ്ടമാകുന്ന സ്ഥിതിയുണ്ട്. ഇരുമ്പുപാലത്തിന് സമീപത്തെ നീതി മെഡിക്കൽ സ്റ്റോറിലേക്ക് എഴുതിക്കൊടുക്കുകയാണ് പതിവ്. നേരത്തേ പ്രതിസന്ധിയുണ്ടാകുമ്പോൾ ജില്ല മെഡിബാങ്കിൽനിന്നാണ് മരുന്ന് നൽകിയിരുന്നത്. ഇത് പുനഃസ്ഥാപിക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.
പുതിയ ഒ.പി ബ്ലോക്ക് സമുച്ചയം ഫെബ്രുവരിയിൽ
ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് സമുച്ചയം ഫെബ്രുവരി അവസാനം തുറക്കുന്ന രീതിയിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്. കിഫ്ബി സഹായത്തോടെ 117 കോടി ചെലവിലാണ് ഏഴുനിലയിലെ ഒ.പി സമുച്ചയം പൂർത്തിയാകുന്നത്. ചിതറിക്കിടക്കുന്ന വിവിധ ഒ.പി ബ്ലോക്കുകൾ ഇവിടേക്ക് മാറും. ഒ.പി, നഴ്സിങ് വിഭാഗങ്ങൾ, ഫാർമസി, ലാബ്, എക്സ്റേ, സി.ടി സ്കാൻ, കാത്ത്ലാബ് അടക്കമുള്ള സൗകര്യമുണ്ടാകും. രണ്ടുകോടി ചെലവിൽ വൈദ്യുതി സബ് സ്റ്റേഷൻ ജോലിയും അവസാനഘട്ടത്തിലാണ്.
പുതിയ ബ്ലോക്കിൽ പുതിയ പല ഡിപ്പാർട്മെന്റുകളും വിഭാവനം ചെയ്യുന്നുണ്ടെങ്കിലും പുതിയ തസ്തികകൾ ഒന്നും സൃഷ്ടിച്ചിട്ടില്ല. ഇത് പ്രവർത്തനത്തെ സാരമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.