ഹോട്ടൽ ബിൽ വിവാദം: ജില്ല ഭരണകൂടത്തിന് നടപടിയെടുക്കാനാകില്ലെന്ന് കലക്ടർ, ട്രോളുകൾക്കെതിരെ എം.എൽ.എ
text_fieldsആലപ്പുഴ: അപ്പത്തിനും മുട്ടക്കറിക്കും അമിതവില ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിക്ക് ഇടയാക്കിയ ഹോട്ടൽ ബിൽ വിവാദത്തിൽ ജില്ല ഭരണകൂടത്തിന് നിയമപരമായി നടപടിയെടുക്കാൻ കഴിയില്ലെന്ന് കലക്ടർ ഡോ. രേണുരാജ്. ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
എം.എൽ.എയുടെ പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.എസ്.ഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് നൽകിയ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുന്നതിന് സർക്കാറിന്റെ അനുമതി വേണം.
നിലവിലെ നിയമപ്രകാരം ഒരുപ്രദേശത്തെ കടകളിലെല്ലാം ഒരേവിലയെന്ന നിയമം നിലനിൽക്കുന്നില്ല. അതിന് സംസ്ഥാനതലത്തിൽ തന്നെ തീരുമാനമുണ്ടാകണം. വില ഏകീകരണം അടക്കമുള്ള നടപടി ആവശ്യപ്പെട്ട് സർക്കാറിന് റിപ്പോർട്ട് കൈമാറുമെന്നും അവർ പറഞ്ഞു.
തൊട്ടടുത്ത കടയിൽ ഈടാക്കുന്നതിനെക്കാൾ വിലക്കൂടുതലാണ് വാങ്ങിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ഹോട്ടൽ ബില്ല് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ചിത്തരഞ്ജൻ എം.എൽ.എ രംഗത്തെത്തി. ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചൂണ്ടിക്കാട്ടിയ തന്നെ ട്രോളുകൾ ഉണ്ടാക്കി അപഹസിക്കുകയാണ്.
ചിലർ വ്യക്തഹത്യ ചെയ്യുകയാണ്. താന്‍ പ്രതികരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ട്രോളുകൾക്ക് പിന്നില്‍ ഹോട്ടലുടമ തന്നെയാകാം. കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയിട്ട് തന്നെയാണ് മടങ്ങിയതെന്നും എം.എൽ.എ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും ചിത്തരഞ്ജൻ എം.എൽ.എക്കെതിരെ പരാമർശവുമായി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
വെള്ളിയാഴ്ച രാവിലെ കണിച്ചുകുളങ്ങര പീപ്പിൾസ് റസ്റ്റാറന്റിലാണ് കേസിനാസ്പദമായ സംഭവം. പി.പി. ചിത്തരഞ്ജൻ എം.എൽ.എയും ഡ്രൈവറും ചേർന്ന് അഞ്ച് അപ്പവും രണ്ട് മുട്ടക്കറിക്കും കഴിച്ചപ്പോൾ ജി.എസ്.ടി അടക്കം ഈടാക്കിയത് 184 രൂപയാണെന്ന് കാണിച്ച് ബിൽ സഹിതമാണ് എം.എൽ.എ കലക്ടർക്ക് പരാതി നൽകിയത്. വാടകയും വൈദ്യുതിനിരക്കും കേന്ദ്രീകൃതമായ എ.സിയുമൊക്കെ പ്രവർത്തിക്കുമ്പോഴും ന്യായവില മാത്രമാണ് ഈടാക്കിയതെന്നായിരുന്നു ഹോട്ടൽ അധികൃതരുടെ പ്രതികരണം.
ഹോട്ടലുകളിൽ പരിശോധന
ചേർത്തല: കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയെത്തുടർന്ന് ചേർത്തല താലൂക്കിലെ 24 ഹോട്ടലുകളിൽ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 13 ഹോട്ടലുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നടപടിക്ക് താലൂക്ക് സപ്ലൈ ഓഫിസർ ആർ. ശ്രീകുമാരൻ ഉണ്ണി കലക്ടർക്ക് റിപ്പോർട്ട് നൽകി.
ചേർത്തല നഗരസഭ, വയലാർ, പട്ടണക്കാട് പഞ്ചായത്തുകളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഭക്ഷണത്തിന് വില കൂടുതലുള്ള എട്ട് ഹോട്ടലുകൾ, വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് ഹോട്ടൽ, ലൈസൻസില്ലാത്ത ഒന്ന് എന്നിവക്കെതിരെയാണ് റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.