ശമ്പളത്തിൽ ധാരണ; ഹൗസ്ബോട്ട് ജീവനക്കാരുടെ സൂചന പണിമുടക്ക് പിൻവലിച്ചു
text_fieldsആലപ്പുഴ: ഹൗസ്ബോട്ട് ജീവനക്കാരുടെ ശനിയാഴ്ച നടത്താനിരുന്ന സൂചന പണിമുടക്ക് പിൻവലിച്ചു. ലേബർ ഓഫിസിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ പുതുക്കിയ സേവന-വേതന വ്യവസ്ഥകൾ ബോട്ട് ഉടമകൾ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്. ഹൗസ്ബോട്ട് ജീവനക്കാരുടെ പ്രതിമാസ ശമ്പളം 12,000ത്തിൽനിന്ന് 15,000 രൂപയാക്കി വർധിപ്പിക്കാനും പ്രതിദിന ബാറ്റ 290ൽനിന്ന് 350 രൂപയാക്കാനും ധാരണയായി.
സർവിസ് കാലയളവ് വർധിക്കുന്നതനുസരിച്ച് നൽകുന്ന സർവിസ് വെയിറ്റേജ് തുടരാനും രണ്ടുവർഷത്തെ കരാർ കാലാവധിയിൽ ധാരണയായി. ബോട്ടുകൾ ഓടിച്ചാൽ അവരെ കൈകാര്യം ചെയ്യുമെന്നും കല്ലെറിയുമെന്നും തൊഴിലാളികളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം വന്നിരുന്നു. ഇതിന് പിന്നാലെ സി.ഐ.ടി.യു നേതൃത്വം വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് ഒത്തുതീർപ്പിന് കളമൊരുങ്ങിയത്. കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണർവുണ്ടാകുന്ന ഘട്ടത്തിൽ സമരം ദോഷകരമാകുമെന്ന വിലയിരുത്തൽ നേതൃത്വവും ചൂണ്ടിക്കാട്ടിയിരുന്നു.
ലേബർ ഓഫിസിൽ നടന്ന ചർച്ചയിൽ ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് ആൻഡ് ഓപറേറ്റേഴ്സ് സമിതി സെക്രട്ടറി കെവിൻ, ഹൗസ്ബോട്ട് ഓണേഴ്സ് സമിതി പ്രസിഡന്റ് എ. അനസ്, ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷൻ പ്രതിനിധി ജോബിൻ ജോസഫ്, ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി വി. വിനോദ്, തൊഴിലാളി പ്രതിനിധികളായി മുൻ എം.എൽ.എ സി.കെ. സദാശിവൻ, ഹൗസ്ബോട്ട് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.കെ. സജീവ്കുമാർ എന്നിവർ പങ്കെടുത്തു. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടെ ഹൗസ്ബോട്ട് മേഖലയിൽ കേരള ഹൗസ്ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്സ് യൂനിയനാണ് (സി.ഐ.ടി.യു) ശനിയാഴ്ച സൂചന പണിമുടക്ക് ആഹ്വാനം ചെയ്തത്. അടിസ്ഥാനശമ്പളം 18,000 രൂപയും ദിനബത്ത 500 രൂപയും ആക്കണമെന്നായിരുന്നു ആവശ്യം.
2018 മാർച്ചിലാണ് ഒടുവിൽ ശമ്പള വർധന നടന്നത്. ഏറെ സമ്മർദങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിലാണ് ഹൗസ്ബോട്ട് ഉടമകൾ ആവശ്യങ്ങൾ അംഗീകരിച്ചത്. ആഭ്യന്തര സഞ്ചാരികളാണ് ആലപ്പുഴയിൽ ഇപ്പോൾ കൂടുതലായും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.