വീടിന് തീപിടിച്ചു: പോർച്ചിൽ സൂക്ഷിച്ച ബുള്ളറ്റും ഭൂവസ്ത്രവും കത്തി
text_fieldsആലപ്പുഴ: കൊറ്റംകുളങ്ങരയിൽ വീടിന് തീപിടിച്ച് മുറിയിലെ കമ്പ്യൂട്ടറും പോർച്ചിൽ സൂക്ഷിച്ച ബുള്ളറ്റും ഭൂവസ്ത്രവും കത്തിനശിച്ചു. ആലപ്പുഴ കാളാത്ത് പള്ളിയുടെ എതിർവശം കൊറ്റംകുളങ്ങര വാർഡ് വെളുത്തേടത്ത് ഹൗസ് വി.എ. ജോസഫിെൻറ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ച 3.45നാണ് സംഭവം. കാർപോർച്ചിനോട് ചേർന്നുള്ള കമ്പ്യൂട്ടർ മുറിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടർ സൂക്ഷിച്ചിരുന്ന മുറിയിൽനിന്ന് തീയും പുകയും ഉയർന്നതോടെ നടത്തിയ പരിശോധനയിലാണ് തീപിടിത്തം തിരിച്ചറിഞ്ഞത്.
കമ്പ്യൂട്ടർ, മോനിറ്റർ, കട്ടിൽ എന്നിവയടക്കം കത്തിനശിച്ചതിനൊപ്പം മുറിയിലെ ഭിത്തിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ മുറിയിൽനിന്നാണ് പോർച്ചിലേക്ക് തീപടർന്നത്. തിങ്കളാഴ്ച കയറ്റിഅയക്കാൻ പോർച്ചിൽ സൂക്ഷിച്ചിരുന്ന 60കെട്ട് ഭൂവസ്ത്രം പൂർണമായും കത്തിനശിച്ചു. ഇതിനു സമീപത്തായി സൂക്ഷിച്ച ജോസഫിെൻറ മകെൻറ ബുള്ളറ്റാണ് കത്തിയത്. ആറുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽനിന്ന് നാലുയൂനിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എച്ച്. സതീശൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. സന്തോഷ്, പി. രതീഷ്, സനു രാജ്, പി.പി. പ്രശാന്ത്, സജീഷ്, സി.കെ. അമൽദേവ്, സനീഷ് മോൻ, കെ.പി. ചന്ദ്രപ്പൻ, കെ.എസ്. ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.