തുടരെ ഹൗസ്ബോട്ട് അപകടം, കാലപ്പഴക്കംചെന്നവയും കായലിൽ, ഹൗസ് ബോട്ടുടമ അറസ്റ്റില്‍
text_fieldsആലപ്പുഴ: കായൽവെള്ളം പിടിക്കുമ്പോൾ അടിപ്പലക ‘അലിഞ്ഞു’ പോകുന്നത്ര പഴക്കമുള്ള ഹൗസ്ബോട്ടുകൾ പോലും നിയമം ലംഘിച്ച് കായൽസവാരി നടത്തുന്നു. മിക്കവാറും ബോട്ടുകൾ പെർമിറ്റില്ലാതെയാണ് സഞ്ചാരികളുമായി കറങ്ങുന്നത്. വ്യാഴാഴ്ച ഹൗസ്ബോട്ട് മറിഞ്ഞ് ആന്ധ്ര സ്വദേശി മരിച്ച സംഭവത്തിലെ ബോട്ടിനും ലൈസൻസ് ഉണ്ടായിരുന്നില്ല.
പുലർച്ച ചുങ്കം കന്നിട്ട ജെട്ടിക്കു സമീപം ആന്ധ്ര സ്വദേശിയുടെ മരണത്തിനിടയാക്കിയ ഹൗസ്ബോട്ട് കണ്ടംചെയ്യേണ്ട സമയം വർഷങ്ങൾക്കു മുമ്പേ കഴിഞ്ഞതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച രാമചന്ദ്ര റെഡ്ഢി ബോട്ടിലെ ഒരു മുറിയിൽ ഒറ്റക്കാണ് കിടന്നിരുന്നത്.
വെള്ളം കയറുന്നതറിഞ്ഞ് മറ്റുള്ളവർക്ക് പുറത്തിറങ്ങാൻ സാധിച്ചെങ്കിലും വെളിച്ചം പോലുമില്ലാത്ത അവസ്ഥയിൽ അദ്ദേഹം മുറിയിൽ അകപ്പെട്ടുപോയെന്നാണ് കരുതുന്നത്. എല്ലാവരും ഉറക്കത്തിലായ സമയമായതിനാൽ ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപെടാൻ വൈകുന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കും. ബോട്ടിന്റെ അടിഭാഗത്തെ പലക ഇളകിയാണ് വെള്ളം കയറിയതെന്ന് കരുതുന്നു. ഇത്തരം അപകടങ്ങളുണ്ടാകുന്ന ഭൂരിഭാഗം വള്ളങ്ങളിലും ബാത്ത് റൂമിന്റെ പുറത്തേക്കുള്ള കുഴലുകൾ തെന്നിമാറിയാവും വെള്ളം കയറുന്നതെന്ന് ഫയർഫോഴ്സ് ജീവനക്കാർ പറഞ്ഞു. വിശദമായ തുടർപരിശോധനയിൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ.
വ്യാഴാഴ്ച വെള്ളം കയറി മുങ്ങിയ ആലപ്പുഴ സ്വദേശിയുടെ വൈറ്റ് ഓർക്കിഡ് ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടെങ്കിലും നാളുകളായി പുതുക്കിയട്ടില്ലെന്നും രേഖകളൊന്നുമില്ലാതെയാണ് സർവിസ് നടത്തിയതെന്നും പോർട്ട്, ടൂറിസം, പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് ബോട്ടിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഓട്ടം അവസാനിപ്പിക്കണമെന്ന് ടൂറിസം എസ്.ഐ പി. ജയറാം താക്കീത് നൽകിയിരുന്നു.
പിറ്റേദിവസം തന്നെ ഡോക്കിൽ കയറ്റാനുള്ള ബോട്ടാണെന്നായിരുന്നു ജീവനക്കാർ നൽകിയ മറുപടി. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാന കേന്ദ്രങ്ങളിലെങ്ങും ഈ ബോട്ട് കണ്ടിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് മറ്റ് ജെട്ടികളിൽനിന്ന് സഞ്ചാരികളെ കയറ്റി സർവിസ് തുടരുകയായിരുന്നുവെന്നാണ് അനുമാനം. കുറച്ചുനാളുകൾക്ക് മുമ്പ് ഇതേ ഭാഗത്താണ് അപകടം നടന്ന ബോട്ടിൽനിന്ന് സഞ്ചാരികളുടെ സാധനങ്ങളെടുക്കാൻ സഹായിച്ച പ്രദേശവാസിയായ മുങ്ങൽ വിദഗ്ധൻ മുങ്ങി മരിച്ചത്. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, തിരക്കിനനുസരിച്ചുള്ള നിരീക്ഷണങ്ങളോ പരിശോധനകളോ നടക്കുന്നില്ല.
ഹൗസ് ബോട്ടുടമ അറസ്റ്റില്‍
ആലപ്പുഴ: ഹൗസ്ബോട്ടിൽ വെള്ളം കയറി തെലങ്കാന സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ ഹൗസ് ബോട്ടുടമ അറസ്റ്റിൽ. മതിയായ രേഖകളും സുരക്ഷ സംവിധാനവും ഇല്ലാതെ ഹൗസ് ബോട്ട് സർവിസ് നടത്തിയതിനാണ് കുതിരപ്പന്തി സ്വദേശി മിൽട്ടനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മിൽട്ടനെ റിമാൻഡ് ചെയ്തു.
തെലങ്കാന കാമറെഡ്ഡി ജില്ലയിലെ എൻ.ജി.ഒ കോളനി സ്വദേശി എൻ. രാമചന്ദ്ര റെഡ്ഡിയാണ് (58) അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച പുലർച്ച മൂന്നരയോടെ പള്ളാത്തുരുത്തി ചുങ്കം കന്നിട്ട ജെട്ടിക്ക് സമീപമായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.