പുറംബണ്ടുകൾ ലാൻഡിങ് സെന്ററാക്കി ഹൗസ്ബോട്ടുകൾ: കരിങ്കൽ ഭിത്തികൾ തകരുന്നു, മടവീഴ്ച ഭീഷണി
text_fieldsആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങൾ സംരക്ഷിക്കാൻ കോടികൾ ചെലവിട്ട് നിർമിക്കുന്ന കരിങ്കൽ ബണ്ടുകൾക്ക് ഭീഷണിയായി ഹൗസ്ബോട്ടുകൾ. ഡ്രൈവർമാർ അവരുടെ സൗകര്യാർഥം പാടശേഖരങ്ങളുടെ പുറംബണ്ടുകളിൽ ഹൗസ്ബോട്ടുകൾ അടുപ്പിച്ച് കെട്ടിയിടുന്നത് കരിങ്കൽ ബണ്ടുകളുടെ തകർച്ചക്ക് വഴിവെക്കുന്നു. ആവശ്യമായ രേഖകൾ ഇല്ലാതെ അധികാരികളുടെ കണ്ണിൽപെടാതെ സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകളാണ് ഇത്തരത്തിൽ കൂടുതലും പുറംബണ്ടുകൾക്ക് ഭീഷണി ഉയർത്തുന്നത്. ഹൗസ്ബോട്ടുകൾ കരയിൽ അടുപ്പിക്കണമെങ്കിൽ പുറംബണ്ടുകളോട് ചേർന്ന് തെങ്ങിൻ കുറ്റിയോ മുളങ്കുറ്റിയോ അടിച്ച് പുറംബണ്ടുകൾക്ക് സംരക്ഷണമൊരുക്കണം. അല്ലാതെ ഹൗസ് ബോട്ട് അടുപ്പിക്കാൻ ശ്രമിച്ചാൽ കരയിൽ ചെറുതായി അമരം ഇടിച്ചാൽ പോലും കൽക്കെട്ട് ഇളകും. ചെറിയ ആഘാതം പോലും താങ്ങാനാകാത്ത വിധമാണ് കുട്ടനാട്ടിലെ കരിങ്കൽ ഭിത്തികളുടെ നിർമാണം. ഈ കരിങ്കൽ കെട്ടുകളിലാണ് ഡ്രൈവർമാർ വലിയ ഹൗസ്ബോട്ടുകൾ ഇടിച്ചുകയറ്റി നിർത്തുന്നത്. ഹൗസ്ബോട്ടുകൾ അടുപ്പിക്കാൻ ആവശ്യമായ ലാൻഡിങ് സെന്ററുകളും ടെർമിനലുകളും ഇല്ലാത്തതും ഡ്രൈവർമാരുടെ ഈ അഭ്യാസത്തിന് കാരണമാണ്. പുറംബണ്ടുകളിൽ ചെറിയ കടകൾ വെച്ച് കച്ചവടം നടത്തുന്നവരും കച്ചവടം കിട്ടാൻ അനധികൃത ലാൻഡിങ്ങിന് അവസരമൊരുക്കി കൊടുക്കുന്നുണ്ട്. ഹൗസ്ബോട്ടുകളിലേക്ക് വൈദ്യുതി നൽകുന്ന കേന്ദ്രങ്ങളും ഇത്തരത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കാതെ അനധികൃത ലാൻഡിങ്ങിന് അവസരമൊരുക്കി കൊടുക്കുന്നു. മടവീഴ്ച ഉണ്ടായിട്ടുള്ളത് കൂടുതലും കരിങ്കൽഭിത്തി ഇല്ലാത്ത പുറംബണ്ടുകളിലോ അല്ലെങ്കിൽ പല കാരണങ്ങൾകൊണ്ടും കരിങ്കൽകെട്ട് തകർന്ന ഭാഗങ്ങളിലോ ആണ്. ഒരു പാടത്ത് മടവീഴ്ച ഉണ്ടായാൽ തകരുന്നത് കൃഷി മാത്രമല്ല നൂറുകണക്കിന് കുടുംബങ്ങുടെ ജീവതസാഹചര്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.