പട്ടാപ്പകൽ തലക്കടിയേറ്റ് വീട്ടമ്മയുടെ മരണം; തിരുവമ്പാടി നടുങ്ങി
text_fieldsആലപ്പുഴ: തിരുവമ്പാടിയിൽ വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുങ്ങി നാട്ടുകാരും സമീപവാസികളും. ബന്ധുക്കളടക്കം സമീപത്ത് താമസിക്കുന്നവർക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആലപ്പുഴ തിരുവമ്പാടി കല്ലുപുരക്കൽ വീട്ടിൽ ലിസിയാണ് (65) മരിച്ചത്. കൈഞരമ്പ് മുറിച്ചനിലയിൽ കണ്ടെത്തിയ ഭർത്താവ് പൊന്നപ്പന്റെ നിലയും ഗുരുതരമാണ്. അപകടനില തരണം ചെയ്തിട്ടില്ല. പൊന്നപ്പനും ലിസിയും മകൻ വർഗീസും മരുമകൾ നീതുവും നാലുമാസം പ്രായമുള്ള കുഞ്ഞും ഈ വീട്ടിലാണ് താമസിക്കുന്നത്.
പനി ബാധിച്ച കുഞ്ഞിന്റെ തുടർചികിത്സക്ക് ആശുപത്രിയിൽ കാണിക്കാൻ പോയതിനാൽ സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ലിസിയും പനി ബാധിച്ച് ഒരാഴ്ച ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ബുധനാഴ്ചയാണ് ഡിസ്ചാർജായി വീട്ടിലെത്തിയത്. നാലുമാസം പ്രായമായ മകന്റെ കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാൻപോകുമ്പോഴും ഇരുവരും വീട്ടിലുണ്ടായിരുന്നു. പനി കഴിഞ്ഞ് വന്നതിനാൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. മകൻ ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഉച്ചക്ക് ഒന്നരയോടെ ഡെലിവറി ബോയ് ഭക്ഷണവുമായി കതകിൽ മുട്ടിയെങ്കിലും ആരും വിളികേട്ടില്ല. തുടർന്ന് ഓർഡർ നൽകിയ മകനെ വിളിച്ച് കാര്യം പറഞ്ഞു. മകൻ അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. പിന്നാലെ സൗത്ത് പൊലീസും ഡോഗ്സ്ക്വാഡും എത്തിയതോടെയാണ് പരിസരത്തുള്ളവർപോലും സംഭവം അറിയുന്നത്.
ഭർത്താവ് പൊന്നപ്പനുമായി പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർക്കും ബന്ധുക്കൾക്കും അറിയില്ല. അതിനാൽ ലിസിയെ കൊലപ്പെടുത്തി പൊന്നപ്പൻ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന പൊലീസ് പ്രാഥമിക നിഗമനം ആരും വിശ്വാസത്തിൽ എടുത്തിട്ടില്ല. സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂർ മുമ്പ് പൊന്നപ്പൻ സമീപത്തെ കടയിൽനിന്ന് ഇഞ്ചിയും പച്ചമുളകും ഏത്തപ്പഴവുമൊക്കെ വാങ്ങിക്കൊണ്ടുപോയിരുന്നു. നല്ല സന്തോഷത്തോടെയായിരുന്നു അതെല്ലാം. സാമ്പത്തികമായി നല്ലനിലയിലാണ് കല്ലുപുരക്കൽ കുടുംബം. തിരുവമ്പാടിയിൽ സ്വന്തമായി കെട്ടിടങ്ങളുള്ള ഇവർക്ക് വാടകയിനത്തിൽ വരുമാനമുണ്ട്. മകനും മരുമകളും ബാങ്കുദ്യോഗസ്ഥരുമാണ്. അതിനാൽ സാമ്പത്തിക പ്രയാസമല്ല കാരണമെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.