വിലകുറഞ്ഞ ഉൽപന്നങ്ങൾ വാങ്ങി മറിച്ചുവിൽപന; കയർ കോർപറേഷനിൽ വൻ ക്രമക്കേട്
text_fieldsആലപ്പുഴ: പൊതുമേഖല സ്ഥാപനമായ കയർ കോർപറേഷൻ കേന്ദ്രീകരിച്ച് വൻ വെട്ടിപ്പ്. നാട്ടിൽ ഉൽപാദനം നടത്തുന്ന സൊസൈറ്റികൾക്ക് സർക്കാറും കയർ വകുപ്പും നൽകുന്ന ആനുകൂല്യങ്ങളിൽ തിരിമറി നടത്തിയാണ് രണ്ടുകോടിയോളം രൂപ വെട്ടിച്ചത്.
നാട്ടിൽ ഉൽപാദിപ്പിക്കുന്നവക്ക് കയർ കോർപറേഷൻ പ്രത്യേക ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഇതു തട്ടിയെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിലകുറഞ്ഞ ഉൽപന്നങ്ങൾ വാങ്ങി കോർപറേഷനു മറിച്ചുകൊടുക്കുന്നതിലൂടെയാണ് പണം തട്ടൽ. കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയും ഇടപെടലിലുമാണ് തട്ടിപ്പ് നടന്നതെന്നാണ് നിഗമനം. വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ക്ലർക്ക് അനൂപിനെ ഡയറക്ടർ ബോർഡ് സസ്പെൻഡ് ചെയ്തു.
ഇയാൾ രണ്ടുകോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് കണക്കാക്കുന്നത്. കയർ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് ചെയർമാൻ ജി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സൊസൈറ്റികളിൽനിന്ന് ഊഴംവെച്ചാണ് കോർപറേഷനിൽ കയർ ഉൽപന്നങ്ങൾ വാങ്ങിയിരുന്നത്. എന്നാൽ, ഊഴം തെറ്റിച്ച് ഒരു സംഘത്തിന്റെ ഉൽപന്നങ്ങൾ കൂടുതലെടുത്തതായി കണ്ടെത്തി. മൂന്നുലക്ഷത്തിന്റെ വെട്ടിപ്പ് മാത്രമാണ് ആദ്യം ശ്രദ്ധയിൽപെട്ടത്.
തുടർന്ന് ഇദ്ദേഹം ഇടപെട്ട സൊസൈറ്റികളുടെയെല്ലാം ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് രണ്ടുകോടിയോളം രൂപയുടേതെന്ന് പ്രാഥമിക വിവരം ലഭിച്ചത്. തുടർന്നാണ് സസ്പെൻഷൻ. അനൂപ് ഒത്താശ ചെയ്തുകൊടുത്ത സൊസൈറ്റികൾ പലതും ഇവിടെ ഉൽപാദനം നടത്താത്തവയാണെന്ന് സംശയിക്കുന്നുണ്ട്.
നേരിട്ട് ഉൽപാദനം നടത്താത്ത പല സംഘങ്ങളും കോർപറേഷനെ പറ്റിച്ച് ക്രമക്കേട് നടത്തുന്നതായി ആരോപണമുയർന്നിരുന്നെങ്കിലും പിടിക്കാൻ കഴിഞ്ഞിരുന്നില്ല. സൊസൈറ്റികളിൽനിന്ന് വൻതുക കൈപ്പറ്റുകയും ക്ലർക്കുമാർക്കും മറ്റും ചെറിയ തുക നൽകിയുമാണ് ഉന്നത ഉദ്യോഗസ്ഥർ തട്ടിപ്പു നടത്തിയിരുന്നതെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.