ജില്ലയില്‍ നൂറുകണക്കിന് അനധികൃത ഹോംസ്റ്റേകൾ
text_fieldsആലപ്പുഴ: തിരക്കേറിയ ആലപ്പുഴയിലെ ടൂറിസം സീസണിൽ അനധികൃത ഹോംസ്റ്റേകളും വർധിച്ചു. ജില്ലയിൽ മാത്രം നൂറുകണക്കിന് അനധികൃത ഹോംസ്റ്റേകളാണ് പ്രവർത്തിക്കുന്നത്. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് 180 എണ്ണത്തിനാണ് അംഗീകാരമുള്ളത്. മൂന്നുവർഷത്തേക്കാണ് ലൈസൻസ് നൽകുന്നത്. കാലാവധി കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്കെതിരെ നടപടിയെടുക്കേണ്ടത് പൊലീസാണ്.
ആലപ്പുഴ, മാരാരി ബീച്ച്, മാരാരിക്കുളം, കുട്ടനാട്, അർത്തുങ്കൽ, തൈക്കൽ, അന്ധകാരനഴി, വലിയഴീക്കൽ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും ഹോംസ്റ്റേകൾ ഉള്ളത്. ഹൗസ്ബോട്ടിൽ കുട്ടനാടിന്റെ കായൽസൗന്ദര്യം നുകരാൻ എത്തുന്നവർ ഉൾപ്രദേശങ്ങളിൽ താമസിച്ചാണ് മടങ്ങുന്നത്. ഇതിനായി ചില ഏജന്റമാരും പ്രവർത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ ‘ഹോംസ്റ്റേ’ എന്ന ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാർതലത്തിൽ നീക്കം തുടങ്ങിയിട്ടുണ്ട്. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹോംസ്റ്റേകൾക്ക് അംഗീകാരം നല്‍കുന്നത് ടൂറിസം വകുപ്പാണ്.
ഓരോ ഹോംസ്റ്റേയിലെയും സൗകര്യങ്ങള്‍ പരിഗണിച്ച് ക്ലാസിഫിക്കേഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നതിന് ഹോംസ്റ്റേ സംരംഭകര്‍ എട്ട് രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. അതിനാലാണ് സംരംഭകര്‍ മടി കാട്ടുന്നത്. ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഇതിന്റെ ഭാഗമായി അപേക്ഷയോടൊപ്പം റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കും.
ഹോംസ്റ്റേകള്‍ക്ക് റെസിഡൻസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളേറെയാണ്. ഹോംസ്റ്റേ ആയി ഉപയോഗിക്കുന്ന മുറികള്‍ക്ക് പ്രത്യേകമായി വീട്ടുനമ്പര്‍ നല്കുന്ന സമ്പ്രദായവും പലയിടത്തുമുണ്ട്. ഇത്തരം കുരുക്കുകള്‍ ഒഴിവാക്കാനാണ് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുന്നത്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും നല്കിയാല് അപേക്ഷ സ്വീകരിക്കുന്ന വിധത്തില്‍ നടപടികള്‍ ലഘൂകരിക്കാനാണ് നീക്കം. വീടുകളും കെട്ടിടങ്ങളും വാടകക്ക് എടുത്ത് ഹോംസ്റ്റേ നടത്താന്‍ നിയമം അനുവദിക്കുന്നില്ല. വീട് വാടകക്കെടുത്ത് നടത്തുന്ന സ്ഥാപനങ്ങള്‍ ‘സര്‍വിസ് വില്ല’ എന്ന ഗണത്തിലാണ് വരിക.
സര്‍വിസ് വില്ലകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ലൈസന്‍സ് കൊടുക്കുന്നില്ല. ഇവയെ കൊമേഴ്സ്യല്‍ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. സര്‍വിസ് വില്ലകള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താനും ഹോം സ്റ്റേകളുമായി ബന്ധപ്പെട്ട പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാനും തീരുമാനിച്ചു. ഇതിനൊപ്പം സംരംഭകര്‍ സത്യവാങ്മൂലം തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കണമെന്ന വ്യവസ്ഥയും കൊണ്ടുവരാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.