കായൽത്തീരങ്ങളിൽ 'പട്ടിണി' ചാകര
text_fieldsപാണാവള്ളി: അരൂരിലെ കായൽത്തീരങ്ങളിൽ പട്ടിണിയുടെ ചാകര. അരൂർ മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതമാർഗം മത്സ്യബന്ധനമാണ്. അരൂർ, അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന എന്നീ 10 പഞ്ചായത്തിലും മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ കുറേ മാസങ്ങളായി ജീവിതദുരിതങ്ങളിൽപെട്ട് ഉഴലുകയാണ്.
കോവിഡ് ഭീഷണി ഏറ്റവുമധികം ബാധിച്ചത് മത്സ്യമേഖലയെ ആണ്. മത്സ്യച്ചന്തകളിലെ ആൾക്കൂട്ടങ്ങളെ ആദ്യം നിരോധിച്ചു. മത്സ്യം പിടിച്ചുകൊണ്ടുവന്ന് വിൽക്കാൻ സ്ഥലം ഇല്ലാതായി. സമസ്ത മേഖലയിലും ഉണ്ടാക്കിയ മരവിപ്പ് ഒഴിഞ്ഞുതുടങ്ങിയിട്ടും മത്സ്യമാർക്കറ്റുകൾ സജീവമായിട്ടില്ല.
മത്സ്യബന്ധനം ഓരോ പ്രതിസന്ധികൾ മൂലം തടസ്സപ്പെടുത്തുകയാണ്. ആദ്യം പായലിെൻറ രൂപത്തിലായിരുന്നു തടസ്സം. മത്സ്യത്തൊഴിലാളികൾതന്നെ മുന്നിട്ടിറങ്ങി കുറേയധികം പായലുകൾ നീക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ജെല്ലിഫിഷ് എന്ന കടൽച്ചൊറികൾ വലകൾക്ക് വലിയ നാശംവരുത്തി. മത്സ്യബന്ധനം മാസങ്ങളോളം മുടങ്ങി.
അടുത്ത ശാപം കുട്ടനാടൻ പാടശേഖരങ്ങളിൽനിന്ന് കൂട്ടമായെത്തിയ പോളപ്പായൽ ആയിരുന്നു. ഊന്നിക്കുറ്റികളെ പായൽക്കൂട്ടങ്ങൾ ശക്തിയായി ഇടിച്ചുതകർത്തുകളഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇത് മത്സ്യത്തൊഴിലാളികൾക്ക് വരുത്തിവെച്ചത്. പായൽ പിന്നെയും നാശം വരുത്തി.
കായലിൽ ചീഞ്ഞുതാഴ്ന്ന പായൽ താഴേക്ക് അടിഞ്ഞ് ഒഴുകിയത് ഊന്നിക്കുറ്റികൾക്ക് വലിയ നാശം ഉണ്ടാക്കി. കടലിലെ പുത്തൻ പ്രതിഭാസം വരുത്തുന്ന അമിത വേലിയേറ്റമാണ് ഇപ്പോഴത്തെ ദുരിതം. ഇത് മുറ്റത്തും ചില സ്ഥലങ്ങളിൽ വീടിനകത്ത് വരെയെത്തുന്ന വെള്ളപ്പൊക്കം ഉണ്ടാക്കുന്ന ദുരിതങ്ങൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം കഷ്ടതയിൽനിന്ന് കഷ്ടതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.