'എനിക്ക് അവരെയോ അവര്‍ക്ക് എന്നെയോ അറിയില്ല... പക്ഷേ, അമ്മയെന്നാണ് വിളിക്കുക'
text_fieldsആലപ്പുഴ: രാപ്പകൽ വ്യത്യാസമില്ലാതെ എന്തിനും ഏതിനും നേരിട്ട് സമീപിക്കാവുന്ന 'കലക്ടർ' ആലപ്പുഴയോട് നന്ദിപറഞ്ഞാണ് പടിയിറങ്ങുന്നത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിലെ വാർത്തസമ്മേളനത്തിൽ എത്തിയപ്പോൾ മുഖത്ത് നേർത്ത പുഞ്ചിരി. ഞാനീ മാസ്ക് ഒന്ന് മാറ്റട്ടേ, എപ്പോഴും ഇതല്ലേ മുഖത്ത്. മികച്ച കലക്ടർക്കുള്ള അവാർഡ് വാങ്ങാൻ നിന്നപ്പോഴും മുഖ്യമന്ത്രിയും ഈ മാസ്ക് മാറ്റാനാണ് ആവശ്യപ്പെട്ടത്.
ചിരിപടർത്തുന്ന തമാശ പറച്ചിലോടെയായിരുന്നു തുടക്കം. ഉന്നതസ്ഥാനത്തിരുന്ന് ആലപ്പുഴക്കാരുടെ സ്നേഹം വേണ്ടുവോളം കിട്ടിയതിന്റെ 'നന്ദി'യാണ് ഓരോവാക്കിലൂടെയും പുറത്തെടുത്തത്. കോവിഡ് കാലത്ത് ആളുകളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയാത്തതിന്റെ ദുഃഖവും മറച്ചുവെച്ചില്ല. ഫോൺവിളിച്ച് പലരും അപ്പോയ്ന്റ്മെന്റ് ചോദിക്കാറുണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ, എന്തിനാണ് അനുവാദം ചോദിക്കുന്നത്, ഞാൻ ഓഫിസിലുണ്ട്. എപ്പോൾ വേണമെങ്കിലും വന്ന് കാണാമല്ലോ?. കഴിഞ്ഞ ദിവസം ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നുവെന്ന പരാതിയുമായി ഒരു പെൺകുട്ടിയാണ് എത്തിയത്. ബാങ്ക് മാനേജറെ ഫോണിൽവിളിച്ചപ്പോൾ അങ്ങനെ ഒരാവശ്യവുമായി ആരും സമീപിച്ചില്ലെന്നായിരുന്നു മറുപടി. അന്വേഷണത്തിൽ വസ്തുത ബോധ്യപ്പെട്ടതോടെ വായ്പ എത്രയും വേഗം തരപ്പെടുത്തിയായിരുന്നു ഇടപെടൽ.
തിരക്കുകൾ ഏറെയുണ്ടെങ്കിലും ഫോൺവിളിച്ചാൽ എടുക്കുകയും തിരികെ വിളിക്കാനും സമയം കണ്ടെത്താറുണ്ട്. ഇതുവരെ നേരിൽ കാണാത്ത 'ഒരമ്മ' സ്ഥിരമായി ഫോൺ വിളിക്കുന്നതും പങ്കുവെച്ചു. അവർ ആരാണെന്ന് ഇപ്പോഴുമറിയില്ല. മോന് നന്നായി കാര്യങ്ങള്‍ ചെയ്യുന്നു, സമയം കിട്ടുമ്പോള്‍ വീട്ടില്‍ വരണമെന്നും അവര്‍ പറയും. എനിക്ക് അവരെയോ അവര്‍ക്ക് എന്നെയോ അറിയില്ല. പക്ഷേ, ഞാന്‍ അമ്മയെന്നാണ് വിളിക്കുക -കലക്ടര്‍ ഓർത്തെടുത്തു. കോവിഡിന്റെ തുടക്കത്തിൽ മറക്കാനാകാത്ത അനുഭവം ഉണ്ടായിട്ടുണ്ട്. കോവിഡ് ബാധിതനായ 35 വയസ്സുകാരൻ രാത്രിയിലാണ് ഫോൺ വിളിച്ചത്. ഡയാലിസിസിനുള്ള സൗകര്യമൊരുക്കണമെന്നതായിരുന്നു ആവശ്യം. മുടങ്ങിയാൽ മരിച്ചുപോകുമെന്നും പറഞ്ഞിരുന്നു. ഒരാഴ്ചകഴിഞ്ഞപ്പോൾ അയാൾ മരിച്ചുപോയി. അത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന് മെഡിക്കൽ കോളജിൽ അത്തരമൊരു സംവിധാനമില്ലായിരുന്നു. അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റുമായി ബന്ധപ്പെട്ട് 35 ലക്ഷത്തോളം രൂപ മുടക്കി 10 പേർക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം മെഡിക്കൽ കോളജിൽ ഒരുക്കി.
അന്ന് ഒരാൾക്ക് ചെയ്യാൻ കഴിയാതിരുന്ന സംവിധാനം പിന്നീട് ഒട്ടേറെപേർക്ക് ഗുണകരമായെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. പദവിയൊഴിഞ്ഞാലും വെറുതെയിരിക്കാൻ താൽപര്യമില്ല. എന്തെങ്കിലുമൊക്കെയായി ജനങ്ങൾക്കൊപ്പമുണ്ടാകും. ഒന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ സർവിസ് സ്റ്റോറിയൊന്നും എഴുതാൻ താൽപര്യമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.